ഇറാൻ-പാക് സംഘർഷത്തിനുപിന്നിൽ

പെട്ടെന്നുള്ള കാരണം

കഴിഞ്ഞദിവസം പാക് അതിർത്തിയിൽ ഇറാൻ ബലൂച് തീവ്രവാദികളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ രണ്ട് കുട്ടികൾ മരിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി. ഇറാൻ സുരക്ഷാ സൈന്യത്തിനുനേരെ ബലൂച് തീവ്രവാദികൾ ദിവസങ്ങൾക്കുമുമ്പ് ആക്രമണം നടത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ഓപറേഷൻ. ഇതിനു മറുപടിയായിട്ടാണ് വ്യാഴാഴ്ചത്തെ പാകിസ്താന്റെ തിരിച്ചടി.

ജയ്ശെ അൽ അദ്ൽ

ജയ്ശെ അൽ അദ്ൽ എന്നാൽ ‘നീതിയുടെ സൈന്യം’ എന്നാണ് അർഥം. പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സുന്നി സായുധ വിഭാഗമാണ് ഇവർ. ഇറാൻ അതിർത്തിയോടു ചേർന്നുള്ള മലനിരകളിൽ സജീവമായ ഇവർ ഇറാനിലെ രണ്ടാമത്തെ വലിയ പ്രവിശ്യയായ സിസ്റ്റാൻ- ബലൂചെസ്താന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കുന്നുവെന്നാണ് അവകാശപ്പെടുന്നത്.

ആക്രമണങ്ങൾ മുമ്പും

2012ൽ, രൂപംകൊണ്ട ജയ്ശെ അൽ അദ്ൽ മുമ്പും ഇറാനുനേരെ ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞമാസം സിസ്റ്റാൻ- ബലൂചെസ്താനിലെ ഒരു പൊലീസ് സ്റ്റേഷനിൽ നടത്തിയ ആക്രമണത്തിൽ 11 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ജൂണിൽ അതിർത്തിയിലുണ്ടായ സംഘർഷത്തിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു.

അഞ്ചു വർഷത്തിനിടെ, നയതന്ത്ര ബന്ധം വഷളാകുംവിധം എട്ട് ആക്രമണ സംഭവങ്ങളെങ്കിലും അതിർത്തിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2018 ഒക്ടോബറിലുണ്ടായ ആക്രമണത്തിൽ 12 ഇറാൻ സൈനികർ കൊല്ലപ്പെട്ടു.

ഇന്ത്യ എവിടെ നിൽക്കുന്നു?

പുതിയ സംഘർഷത്തിൽ ഇന്ത്യ താരതമ്യേന ഇറാന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പറയാം. കഴിഞ്ഞദിവസം പാകിസ്താനിൽ ഡ്രോൺ വർഷമുണ്ടായപ്പോൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇറാനെ ന്യായീകരിച്ച് രംഗത്തുവന്നു.

വിഷയം പാകിസ്താന്റെയും ഇറാന്റെയും ആഭ്യന്തര വിഷയമാണെന്നും എന്നാൽ, ഇറാന്റേത് തീവ്രവാദത്തിനെതിരായ സ്വയം പ്രതിരോധമാണെന്നുമാണ് മന്ത്രാലയം വക്താവ് പ്രതികരിച്ചത്. അതേസമയം, ഇറാൻ തിങ്കളാഴ്ച ഇറാഖിലും സിറിയയിലും വ്യോമാക്രമണം നടത്തിയപ്പോൾ വിഷയത്തിൽ പ്രതികരിക്കാനും ഇന്ത്യ തയാറായില്ല. പൊതുവിൽ ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം മികച്ചതാണ്. ഈ സംഭവം നടക്കുന്നതിന്റെ രണ്ടുദിവസം മുമ്പ് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇറാൻ പ്രസിഡന്റുമായി തെഹ്റാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. 

Tags:    
News Summary - Behind the Iran-Pak conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.