ലണ്ടൻ: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് വായ്പ സംഘടിപ്പിക്കാൻ കൂട്ടുനിന്നുവെന്ന ആരോപണത്തെത്തുടർന്ന് ബി.ബി.സി ചെയർമാൻ റിച്ചാർഡ് ഷാർപ്പ് രാജിവെച്ചു. അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെയാണ് രാജി.
യു.കെയിലെ നികുതിദായകരുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ബി.ബി.സിയുടെ ചെയർമാൻ പദവിയിലിരുന്ന് അദ്ദേഹം അധികാര ദുർവിനിയോഗം നടത്തിയെന്ന് ബാരിസ്റ്റർ ആഡം ഹെപ്പിൻസ്റ്റാളിന്റെ റിപ്പോർട്ടിൽ പറയുന്നു. ബോറിസ് ജോൺസന് എട്ടുലക്ഷം പൗണ്ട് ലോൺ ലഭിക്കാൻ ഇദ്ദേഹം സഹായിച്ചുവെന്നാണ് ആരോപണം. മുൻ പ്രധാനമന്ത്രിക്ക് വായ്പ സംഘടിപ്പിക്കാൻ ഷാർപ്പ് നേരിട്ട് പങ്കുവഹിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല.
എന്നാൽ, യു.കെ കാബിനറ്റ് സെക്രട്ടറി സൈമൺ കേസും മുൻ പ്രധാനമന്ത്രിക്ക് ലോൺ വാഗ്ദാനം ചെയ്ത സാം ബ്ലിത്തും തമ്മിൽ കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയ കാര്യം അദ്ദേഹം വെളിപ്പെടുത്തണമായിരുന്നുവെന്ന് റിപ്പോർട്ട് പറഞ്ഞു. ഇത് തന്റെ വീഴ്ചയാണെന്ന് സമ്മതിച്ച ഷാർപ്പ് ഇക്കാര്യത്തിൽ മാപ്പപേക്ഷിക്കുകയും ചെയ്തു. പകരക്കാരൻ എത്തുന്നതുവരെ ചുമതലയിൽ തുടരുമെന്ന് ഷാർപ്പ് പറഞ്ഞു. ജൂണിലായിരിക്കും പുതിയ ചെയർമാനെ കണ്ടെത്തുക എന്നാണറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.