ബംഗ്ലാദേശ് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അറസ്റ്റിൽ, ജനക്കൂട്ടം അദ്ദേഹത്തെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ധാക്ക: തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്ന കുറ്റത്തിന് ബംഗ്ലാദേശ് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ കെ.എം. നൂറുൽ ഹുദയെ അറസ്റ്റ് ചെയ്തു.

മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) മുൻ തെരഞ്ഞെടുപ്പ് കമീഷൻ മേധാവിക്കെതിരെയും സ്ഥാനഭ്രഷ്ടനായ പ്രധാനമന്ത്രി ശൈഖ് ഹസീന ഉൾപ്പെടെ 18 പേർക്കെതിരെയും നൽകിയ കേസിലാണ് അറസ്റ്റ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കസ്റ്റഡിയിലെടുക്കുന്നത് ഇതാദ്യമായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

77 കാരനായ ഹുദയാണ് 2014, 2018, 2024 വർഷങ്ങളിൽ ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചത്. 2014, 2018, 2024 വർഷങ്ങളിൽ ഹസീന ഭരണകാലത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തിയതിന് ഹുദ ഉൾപ്പെടെ 19 പേർക്കെതിരെ ബി.എൻ.പി കേസ് നൽകിയിരുന്നു. ഈ തെരഞ്ഞെടുപ്പുകളെല്ലാം ഹസീനയാണ് വിജയിച്ചത്. പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് ഓഫിസിൽ രാത്രി ചെലവഴിച്ച ശേഷം നിയമനടപടികൾക്കായി ഹുദയെ കോടതിയിൽ ഹാജരാക്കും.

ധാക്കയിലെ ഹുദയുടെ ഉത്തരയിലെ വസതിക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ജനക്കൂട്ടം അദ്ദേഹത്തിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി വലിച്ചിഴച്ചുകൊണ്ടുപോകുകയും അപമാനിക്കുകയും ചെയ്തു. ജനക്കൂട്ടം ഹുദയെ വളഞ്ഞതായി വിവരം ലഭിച്ചതിനെത്തുടർന്ന് തങ്ങൾ സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഉത്തര വെസ്റ്റ് പോലീസ് സ്റ്റേഷൻ മേധാവി ഹാഫിസുർ റഹ്മാൻ പറഞ്ഞു.

ഹുദയെ ഒരു സംഘം ആളുകൾ ചേർന്ന് ചെരിപ്പുകൊണ്ട് അടിക്കുകയും ചെരുപ്പുകൾ കൊണ്ട് മാല ചാർത്തുകയും മുട്ട എറിയുകയും ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിഡിയോകളിൽ, ആൾക്കൂട്ടം അദ്ദേഹത്തെ അസഭ്യം പറയുന്നതും പോലീസ് സ്ഥലത്തെത്തിയതിനുശേഷവും മർദിക്കുന്നതും കാണാം.

ഹുദക്കെതിരായ ആക്രമണം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതോടെ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ അർദ്ധരാത്രിയോടെ പ്രസ്താവന പുറത്തിറക്കി.

ആൾക്കൂട്ടം കലാപം സൃഷ്ടിച്ചതും പ്രതിയെ ശാരീരികമായി ആക്രമിച്ചതും സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആരും നിയമം കൈയിലെടുക്കരുതെന്നും സർക്കാർ പൗരന്മാരോട് അഭ്യർത്ഥിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. അങ്ങനെ ചെയ്യുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന വൻ പ്രതിഷേധത്തെ തുടർന്ന് ഹസീന സ്ഥാനഭ്രഷ്ട ആയതിനെ തുടര്‍ന്ന് മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാരിന്റെ തലവനായി ചുമതലയേറ്റിരുന്നു. അവാമി ലീഗ് ഗവൺമെന്റിന്റെ പതനത്തെത്തുടർന്ന് അവർ ഇന്ത്യയിലേക്ക് പലായനം ചെയ്തു. അവാമി ലീഗിലെ മുതിർന്ന നേതാക്കളും പുറത്താക്കപ്പെട്ട ഭരണകൂടത്തിലെ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും അന്നത്തെ സർക്കാരിന്റെ പതനത്തിനുശേഷം അറസ്റ്റ് ചെയ്യപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തിട്ടുണ്ട്.

മന്ത്രിമാർ ഉൾപ്പെടെ ഈ നേതാക്കളിൽ പലരും ആൾക്കൂട്ട ആക്രമണത്തിന് ഇരയായി. കോടതി പരിസരത്താണ് ഇവരെല്ലാം ആക്രമണത്തിന് വിധേയരായത്.

സ്മാരക മ്യൂസിയമാക്കി മാറ്റിയ ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ശൈഖ് മുജിബുർ റഹ്മാന്റെ ധാക്കയിലെ 32 ധൻമാണ്ടിയിലുള്ള വസതി ഈ വർഷം ഫെബ്രുവരിയിൽ ഒരു കൂട്ടമാളുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തിരുന്നു. 

Tags:    
News Summary - Bangladesh's ex-election commission chief arrested for manipulating polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.