ശൈഖ് ​ഹസീന

മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്തുവെന്ന് ട്രൈബ്യൂണൽ; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ

ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയ കുറ്റത്തിന് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് അന്താരാഷ്ട്ര ട്രൈബ്യൂണൽ. ഹസീനയുടെ അഭാവത്തിൽ മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് വിധി.  പ്രതിഷേധക്കാരെ കൊല്ലാൻ ഉത്തരവിടുകയും ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്ത ഹസീന മനുഷ്യ രാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്നും കോടതി വിലയിരുത്തി.

2024 ആഗസ്റ്റ് അഞ്ചിന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം പുറത്താക്കപ്പെട്ടതിനുശേഷം ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ് 78കാരിയായ ശൈഖ് ഹസീന.

അക്രമത്തിന് പ്രേരിപ്പിക്കൽ, പ്രതിഷേധക്കാരെ കൊല്ലാൻ ഉത്തരവിട്ടു, വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിനിടെ നടന്ന അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്നീ മൂന്ന് കുറ്റങ്ങളിൽ ഹസീന കുറ്റക്കാരിയാണെന്നാണ് ട്രൈബ്യൂണൽ കണ്ടെത്തിയത്. 

ഹസീനക്കൊപ്പം, ബംഗ്ലാദേശ് മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനും വധശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാൽ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് കണ്ടെത്തിയ  മുൻ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അൽ മാമൂന് അഞ്ചു വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്.  കാരണം ഹസീനക്കെതിരായ പ്രധാന സാക്ഷിയായ ചൗധരി കോടതിക്കു മുമ്പിൽ മാപ്പുപറയുകയും ചെയ്തിരുന്നു. 

വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തുന്നതിനിടെ ശൈഖ് ഹസീന ഗുരുതര കുറ്റകൃത്യം നടത്തിയതായി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ നേരത്തേ വിധിച്ചിരുന്നു. ഈ വർഷം ആഗസ്റ്റ് മൂന്നിനാണ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. അധികാരം ഉപയോഗിച്ച് ഹസീന മാനവരാശിക്ക് എതിരായ അക്രമം നടത്തിയെന്നാണ് ട്രൈബ്യൂണൽ കണ്ടെത്തിയത്. വിദ്യാർഥികൾക്കെതിരായ വെടിവെപ്പിനെ കുറിച്ച് ഹസീനക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 2024  ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തിൽ 1400ഓളം പേർ കൊല്ലപ്പെട്ടെന്നാണ് യു.എൻ കണക്ക്. 

വിധിക്ക് മുന്നോടിയായി, മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ധാക്കയിലും അയൽ പ്രദേശങ്ങളിലും സംഘർഷം രൂക്ഷമാകുന്നതിനാൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ഹസീനക്കെതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം, നിരായുധരായ വിദ്യാർഥി പ്രതിഷേധക്കാർക്കെതിരെ പീഡനം, മാരക ബലപ്രയോഗം, മാരകായുധങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവ വിന്യസിക്കാൻ ഉത്തരവുകൾ പുറപ്പെടുവിക്കൽ, രംഗ്പൂരിലും ധാക്കയിലും നടന്ന ചില കൊലപാതകങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വിധി വരുന്നതിന് തൊട്ടുമുമ്പായി താൻ നിരപരാധിയാണെന്നും അവാമി ലീഗിനെ തളർത്താൻ കഴിയില്ലെന്നും സൂചിപ്പിക്കുന്ന വിഡിയോ സന്ദേശം ഹസീന അനുയായികൾക്കായി പുറത്തുവിട്ടിരുന്നു. ബംഗ്ലാദേശ് ഇടക്കാല സർക്കാറിന് നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസ് അവാമി ലീഗിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ അതത്ര എളുപ്പമല്ലെന്നും അവർ വിഡിയോ സന്ദേശത്തിൽ ഉറപ്പിച്ചു പറയുകയും ചെയ്തു.

ധാക്കയിൽ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാൻ പദ്ധതിയിട്ടു, ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കാൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചു, തെളിവുകൾ നശിപ്പിക്കാൻ അഷുലിയയിൽ മൃതദേഹങ്ങൾ ദഹിപ്പിച്ചു, ചങ്കർപുളിൽ പ്രകടനക്കാരെ സംഘടിതമായി കൊലപ്പെടുത്തി എന്നിവയാണ് ഹസീനക്കെതിരെ ചുമത്തിയ പ്രധാന കുറ്റകൃത്യങ്ങൾ.

Tags:    
News Summary - Bangladesh Ex PM Sheikh Hasina sentenced to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.