വനിതകൾക്ക് വിലക്ക്: അഫ്ഗാനിൽ ജീവകാരുണ്യ പ്രവർത്തനം പ്രതിസന്ധിയിൽ

കാബൂൾ: സന്നദ്ധ-ജീവകാരുണ്യ സംഘടനകളിൽ വനിതകൾ ജോലി ചെയ്യുന്നത് നിരോധിച്ച അഫ്ഗാനിലെ താലിബാൻ സർക്കാറിന്റെ നടപടി ജനജീവിതം കൂടുതൽ ദുരിതമയമാക്കുന്നു. വനിതകൾ ജോലി ചെയ്യരുതെന്ന് 2022 ഡിസംബർ 24ന് താലിബാൻ ഉത്തരവിട്ടതോടെ അന്തർദേശീയ സഹായ സംഘടനകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. വനിത ജീവനക്കാരില്ലാതെ പ്രവർത്തിക്കാനില്ലെന്ന് ഭൂരിഭാഗം അന്താരാഷ്ട്ര സഹായ സംഘടനകളും പറയുന്നു. നിരോധം നീണ്ടാൽ അഫ്ഗാനിലെ പ്രവർത്തനം പൂർണമായും നിർത്തേണ്ടിവരുമെന്ന് എൻ.ജി.ഒകൾ ചൂണ്ടിക്കാട്ടി.

യു.എൻ വുമൺ നടത്തിയ സർവേ പ്രകാരം 151 പ്രാദേശിക- അന്തർദേശീയ സഹായ സംഘങ്ങളിൽ 14 ശതമാനം മാത്രമാണ് ഇപ്പോൾ പൂർണ തോതിൽ പ്രവർത്തിക്കുന്നത്. അതേസമയം, യു.എൻ ഏജൻസികൾ പ്രവർത്തനം തുടരുന്നുണ്ട്. ഡിസംബറിലും ജനുവരി ആദ്യത്തിലുമായി അഫ്ഗാനിലെ 40 ദശലക്ഷം വരുന്ന ജനസംഖ്യയിൽ 13 ദശലക്ഷം പേർക്കാണ് വേൾഡ് ഫുഡ് പ്രോഗ്രാം ഭക്ഷ്യസഹായം എത്തിച്ചത്. അന്താരാഷ്ട്ര റെസ്ക്യൂ കമ്മിറ്റി പ്രവർത്തനം പൂർണമായും നിർത്തിയിട്ടുണ്ട്.

1.65 ലക്ഷം പേർക്കാണ് റെസ്ക്യൂ കമ്മിറ്റി വൈദ്യ സഹായം എത്തിച്ചിരുന്നത്. 11 പ്രവിശ്യകളിലെ നൂറിലധികം ആരോഗ്യ കേന്ദ്രങ്ങൾക്കും റെസ്ക്യൂ കമ്മിറ്റി സഹായം നൽകുന്നുണ്ട്. 2021-22 വർഷത്തിൽ 61.8 ലക്ഷം പേർക്കാണ് ഇവർ വൈദ്യ സഹായവും മരുന്നും ലഭ്യമാക്കിയത്. ‘സേവ് ദ ചിൽഡ്രൻ’പ്രവർത്തനം നിർത്തിയതോടെ പതിനായിരക്കണക്കിന് കുട്ടികൾ പോഷകാഹാരം ലഭിക്കാതെ പ്രയാസത്തിലാണ്.


Tags:    
News Summary - BAN ON FEMALE AID WORKERS COULD PUSH AFGHAN CHILDREN BACK INTO WORK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.