ബലൂചിസ്താനിൽ ശൈശവ വിവാഹ വിരുദ്ധ ബിൽ എട്ടു വർഷമായി ചുവപ്പ് നാടയിൽ

ഖേറ്റ: ശൈശവ വിവാഹത്തിനെതിരെ കൊണ്ടുവന്ന ബിൽ ബലൂചിസ്താൻ അസംബ്ലിയിൽ എട്ടുവർഷമായി കെട്ടിക്കിടക്കുന്നതായി ആക്ഷേപം. യുവജന ശാക്തീകരണ കൂട്ടായ്മയുടെയും 'ഗേൾസ്, നോട്ട് ബ്രൈഡ്സ്' എന്ന സംഘടനയുടെയും ആഭിമുഖ്യത്തിൽ നിയമസഭ സാമാജികർ കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിൽ ഇതേക്കുറിച്ച് വൻ വിമർശനമാണ് ഉയർന്നത്. രാഷ്ട്രീയ നേതാക്കളിൽ നിന്നുള്ള എതിർപ്പുകൾ കാരണമാണ് ബിൽ ഇതുവരെ പാസാകാത്തതെന്ന് ചർച്ചയിൽ പങ്കെടുത്തവർ തുറന്നടിച്ചതായി പാക് മാധ്യമമായ 'ഡോൺ' റിപ്പോർട്ട് ചെയ്തു.

ചില വിഭാഗങ്ങൾ സൃഷ്ടിച്ച തടസ്സങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് ദേശീയ പാർട്ടിയിലെ രാഷ്ട്രീയ നേതാവ് ഷമ ഇഷാഖ് പറഞ്ഞു. വിവാഹത്തിനുള്ള പ്രായപരിധി നിശ്ചയിക്കുന്നതിനായി വിവിധ പാർട്ടി മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തുകയും അവരിൽ നിന്ന് അംഗീകാരം നേടുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്യണമെന്ന് ബലൂചിസ്താൻ വനിതാ കമീഷൻ ചെയർപേഴ്സൺ ഫൗസിയ ഷഹീനും പാർലമെന്ററി സെക്രട്ടറി ഡോ. ​​ബുലേദിയും നിർദേശിച്ചു.

പ്രായപരിധി നിർണയിക്കുന്നതിന് കൗൺസിൽ ഓഫ് ഇസ്‌ലാമിക് ഐഡിയോളജിയുടെ (സി.ഐ.ഐ) അഭിപ്രായത്തിനായി ബിൽ രണ്ടുതവണ അയച്ചിട്ടുണ്ടെന്നും പാർലമെന്ററി സെക്രട്ടറിമാരായ ഡോ. ​​ബുലേദിയും മഹ്‌ജബീൻ ഷീറനും യോഗത്തെ അറിയിച്ചു.

പാർലമെന്ററി സെക്രട്ടറി ഫൗസിയ ഷഹീൻ, പീപ്പിൾസ് പാർട്ടി നേതാവ് സന ദുറാനി, പാകിസ്താൻ ഫെഡറൽ യൂനിയൻ ഓഫ് ജേർണലിസ്റ്റ് സെൻട്രൽ വൈസ് പ്രസിഡന്റ് സലീം ഷാഹിദ്, പഷ്‌തോഖ്‌വ മില്ലി അവാമി പാർട്ടിയുടെ മുൻ എം.പി.എ ആരിഫ സാദിഖ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ശൈശവ വിവാഹത്തിനെതിരെ കൂടുതൽ ചർച്ചകൾ നടത്താനും മാറ്റങ്ങൾ ആവിഷ്കരിക്കാനും യോഗത്തിൽ തീരുമാനമായി. 

Tags:    
News Summary - Balochistan Assembly holds anti-child marriage bill pending from last 8 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.