മെൽബൺ: ഇറാനുമായുള്ള നയതന്ത്ര ബന്ധം ആസ്ട്രേലിയ റദ്ദാക്കി. ഇറാന്റെ ഇസ്രായേൽ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു. രാജ്യത്തെ ഇറാൻ അംബാസഡറെ പുറത്താക്കിയതായും ഇറാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞവർഷം ആസ്ട്രേലിയയിലെ ജൂത, ഇസ്രായേൽ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്കുനേരെ ആക്രമണങ്ങളുണ്ടായിരുന്നു. മെൽബണിൽ ഒരു സിനഗോഗ്, ഇസ്രായേൽ വേരുകളുള്ള ലൂയിസ് കോണ്ടിനന്റൽ കിച്ചൺ എന്നിവക്കെതിരെയാണ് ആക്രമണമുണ്ടായത്.
ഇതിൽ ഇറാന് പങ്കുള്ളതായി ആസ്ട്രേലിയൻ ഇന്റലിജൻസ് ഏജൻസിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2023 ഒക്ടോബറിൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയശേഷം രാജ്യത്ത് ജൂത വിഭാഗങ്ങൾക്കെതിരെ ആക്രമണം വർധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് ആസ്ട്രേലിയൻ സർക്കാർ പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.