സുരക്ഷാ ഭീഷണിയെത്തുടർന്ന് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനെ ചൊവ്വാഴ്ച കാൻബറയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ദി ലോഡ്ജിൽ നിന്ന് അടിയന്തരമായി മാറ്റി. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നത്. സുരക്ഷാ ഭീഷണി തിരിച്ചറിഞ്ഞ ഉടൻ തന്നെ ആസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് (AFP) പ്രധാനമന്ത്രിയെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കുറച്ചു മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്.
പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം പ്രധാനമന്ത്രിയുടെ വസതിയായ ദി ലോഡ്ജ് ബോംബ് വെച്ച് തകർക്കുമെന്ന ഇമെയിൽ ഭീഷണിയാണ് ലഭിച്ചത്. വസതിക്ക് ചുറ്റും സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും അത് തകർക്കുമെന്നുമായിരുന്നു സന്ദേശം. ചൈനീസ് നൃത്തസംഘമായ 'ഷെൻ യുൻ' ആസ്‌ട്രേലിയയിൽ നടത്താനിരിക്കുന്ന പരിപാടികളോടുള്ള എതിർപ്പാണ് ഈ ഭീഷണിക്ക് പിന്നിലെന്ന് പറയപ്പെടുന്നു. ഈ പരിപാടികൾ നടക്കുകയാണെങ്കിൽ പ്രധാനമന്ത്രിക്കെതിരെ ആക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശത്തിൽ സൂചിപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
വസതിയിൽ മൂന്ന് മണിക്കൂർ നീണ്ട വിശദമായ തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. പൊതുജനങ്ങൾക്കോ സുരക്ഷക്കോ നിലവിൽ ഭീഷണിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉചിതമായ സമയത്ത് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു. താൻ സുരക്ഷിതനാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യസമയത്തുള്ള ഇടപെടലിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
പ്രധാനമന്ത്രി സുരക്ഷിതനാണെന്ന വാർത്തയിൽ ആശ്വാസമുണ്ടെന്ന് പ്രതിപക്ഷ നേതാവ് അംഗസ് ടെയ്‌ലർ പറഞ്ഞു. ജനപ്രതിനിധികൾക്കെതിരെയുള്ള ഭീഷണികൾ വെറുപ്പുളവാക്കുന്നതാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. മുൻ പൊലീസ് സൂപ്രണ്ട് ഡേവിഡ് ക്രെയ്ഗിന്റെ അഭിപ്രായത്തിൽ, പ്രധാനമന്ത്രിയെ ഇത്തരത്തിൽ ഒഴിപ്പിക്കുന്നത് അത്യന്തം ഗൗരവകരമായ ഒരു നീക്കമാണ്. ഇത് വെറുമൊരു ഓൺലൈൻ ഭീഷണിയാകാൻ സാധ്യതയില്ലെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാകാം പൊലീസ് ഇത്രയും വലിയ സുരക്ഷാ മുൻകരുതൽ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.