ന്യൂയോർക്: ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിന് സമ്മർദം ശക്തമാക്കി ഫ്രാൻസിന്റെയും സൗദിയുടെയും നേതൃത്വത്തിൽ ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടി സംഘടിപ്പിക്കുന്നു. ന്യൂയോർക്കിൽ യു.എൻ രക്ഷാസമിതി വാർഷിക യോഗത്തിന് അനുബന്ധമായാണ് ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ ഉച്ചകോടി നടത്തുന്നത്.
അമേരിക്കയും ഇസ്രായേലും ഉച്ചകോടി ബഹിഷ്‍കരിക്കുമെന്ന് പ്രഖ്യാപിച്ചു. കൂടുതൽ രാഷ്ട്ര പ്രതിനിധികളെ ഉച്ചകോടിയിൽ പങ്കെടുപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ, പോർചുഗൽ, അൻഡോറ, ബെൽജിയം, ലക്സംബർഗ്, മാൾട്ട്, സാൻ മറിനോ തുടങ്ങിയ രാജ്യങ്ങളും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച ആരംഭിച്ച യു.എൻ രക്ഷാസമിതിയുടെ 80ാം വാർഷിക യോഗത്തിൽ നടപടിക്രമം പൂർത്തിയാക്കുമെന്ന് രാജ്യങ്ങൾ പ്രഖ്യാപിച്ചു. സ്പെയിൻ, നോർവേ തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞ വർഷം അംഗീകാരം നൽകി. നേരത്തേ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യയിലെയും യൂറോപ്പിലെ ചില കിഴക്കൻമേഖല രാജ്യങ്ങളുമാണ് പ്രധാനമായി ഫലസ്തീൻ രാഷ്ട്രം അംഗീകരിച്ചിരുന്നത്.
അതിനിടെ, കൂടുതൽ രാഷ്ട്രങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഭീഷണിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തി. ജോർഡൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യം ഇനിയുണ്ടാവില്ലെന്നും ഫലസ്തീൻ രാഷ്ട്രമുണ്ടാക്കണമെന്ന് പറയുന്നത് തീവ്രവാദത്തിന് പ്രോത്സാഹനം നൽകുന്നത് പോലെയാണെന്നും നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ തുടച്ചുനീക്കി യുദ്ധലക്ഷ്യം നേടും. ഇറാനിയൻ അച്ചുതണ്ടിനെ തകർക്കുമെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രായേലിന്റെ സഖ്യരാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളും ഈ വഴിയിലേക്ക് എത്തുകയാണ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതയും കൂട്ടക്കൊലയും യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഇസ്രായേലിനെതിരെ ജനവികാരം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.