ഗസ്സ സിറ്റി: വെടിനിർത്തൽ ആഹ്വാനങ്ങൾക്ക് തരിമ്പും ചെവി കൊടുക്കാതെ ഗസ്സയിലുടനീളം ആക്രമണം തുടർന്ന് ഇസ്രായേൽ. ഒറ്റരാത്രികൊണ്ട് 50 ലധികം പേർ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
യു.എൻ പൊതുസഭയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഗസ്സയിലെ ഹമാസിനെതിരായ ‘പണി പൂർത്തിയാക്കും’ എന്ന് പറഞ്ഞതിനു മണിക്കൂറുകൾക്കകമാണ് ആക്രമണങ്ങൾ. വെള്ളിയാഴ്ച രാവിലെ യു.എൻ ജനറൽ അസംബ്ലി ഹാളിൽ നിന്ന് പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള ഡസൻ കണക്കിന് പ്രതിനിധികൾ കൂട്ടത്തോടെ ഇറങ്ങിപ്പോയതിനു ശേഷമാണ് നെതന്യാഹുവിന്റെ സംസാരം. വെടിനിർത്തലിനായി അന്താരാഷ്ട്ര സമ്മർദം വർധിച്ചിട്ടും ഇസ്രായേൽ ധിക്കാരം തുടരുകയാണ്.
മധ്യ-വടക്കൻ ഗസ്സയിൽ ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണങ്ങളിൽ തകർന്ന വീടുകളിലും ക്യാമ്പുകളിലും താമസിക്കുന്നവരാണ് കൊല്ലപ്പെട്ടത്. ഇതിൽ നുസൈറത്ത് അഭയാർഥി ക്യാമ്പിലെ ഒരു കുടുംബത്തിലെ ഒമ്പതു പേർ ഉൾപ്പെടുന്നുവെന്ന് മൃതദേഹങ്ങൾ കൊണ്ടുവന്ന അൽ അവ്ദ ആശുപത്രിയിലെ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ, ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തീരുമാനിച്ച രാജ്യങ്ങളുടെ പട്ടിക വർധിച്ചുവരികയാണ്. വെടിനിർത്തലിനായി ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കാൻ രാജ്യങ്ങൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് സമ്മർദ്ദം ചെലുത്തിവരികയാണ്. ഗസ്സയിലെ പോരാട്ടം ലഘൂകരിക്കുന്നതിനുള്ള ഒരു കരാർ അടുത്തുവെന്ന് ട്രംപ് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് അവകാശപ്പെട്ടിരുന്നു.
‘വളരെ പ്രചോദനാത്മകവും ഉൽപാദനപരവുമായ ചർച്ചകൾ മേഖലയിലെ രാജ്യങ്ങളുമായി നടക്കുന്നുണ്ടെന്ന്’ ട്രംപ് സോഷ്യൽ മീഡിയയിലും അവകാശപ്പെട്ടു. ട്രംപും നെതന്യാഹുവും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.