ബൊഗോട്ട: ഉപരോധത്താൽ വലയുന്ന ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ ശ്രമിച്ച കപ്പൽ വ്യൂഹമായ സുമുദ് േഫ്ലാട്ടില്ലക്കു നേരയുണ്ടായ ആക്രമണത്തത്തിനു പിന്നാലെ കൊളംബിയയിൽ നിന്നുള്ള മുഴുവൻ ഇസ്രായേലി നയതന്ത്ര പ്രതിനിധി സംഘത്തെയും പുറത്താക്കാൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉത്തരവിട്ടു. േഫ്ലാട്ടില്ല സംഘത്തിലെ കൊളംബിയൻ പൗരന്മാരടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തിരുന്നു. കൊളംബിയൻ പൗരൻമാരായ മാനുവേല ബെഡോയയും ലൂണ ബാരെറ്റോയും ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ ക്രൂവിന്റെ ഭാഗമായിരുന്നു.
കപ്പൽ വ്യൂഹത്തെയും പൗരൻമാരെയും തടഞ്ഞത് ബിന്യമിൻ നെതന്യാഹുവിന്റെ പുതിയ അന്താരാഷ്ട്ര കുറ്റകൃത്യമായി മാറുമെന്ന് ഗുസ്താവോ പെട്രോ ‘എക്‌സി’ൽ മുന്നറിയിപ്പ് നൽകി. ഇസ്രായേലുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ ഉടൻ പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ആദ്യം ഇസ്രായേലുമായുള്ള കരാർ താൽക്കാലികമായി നിർത്തിവെക്കാൻ പെട്രോ ശ്രമം നടത്തിയിരുന്നു. 2024 മെയ് മാസത്തിൽ പെട്രോ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നെങ്കിലും, ശേഷിക്കുന്ന നയതന്ത്ര പ്രതിനിധികളോട് ഉടൻ കൊളംബിയൻ പ്രദേശം വിടാൻ ഉത്തരവിട്ടുകൊണ്ട് അദ്ദേഹം പ്രസ്താവന കടുപ്പിച്ചു.
കൊളംബിയൻ വിദേശകാര്യ മന്ത്രാലയം ഇസ്രായേൽ കോടതികളിൽ ഉൾപ്പെടെ കേസുകൾ ഫയൽ ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കൂടാതെ കൊളംബിയൻ നിയമസംഘത്തെ പിന്തുണക്കാൻ അന്താരാഷ്ട്ര നിയമജ്ഞരോട് അഭ്യർഥിക്കുകയും ചെയ്തു.
ഇസ്രായേലി ഉപരോധം തകർത്ത് ഗസ്സയിലേക്ക് കടൽ വഴി സഹായം എത്തിക്കാൻ ശ്രമിക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര ശ്രമമാണ് സുമുദ് േഫ്ലാട്ടില്ല. തീരത്ത് നിന്ന് 150 നോട്ടിക്കൽ മൈൽ അകലെ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശത്ത് എത്തിയതിന് ശേഷം വ്യാഴാഴ്ച രാത്രി ഇസ്രായേൽ സൈന്യം കപ്പൽ വ്യൂഹത്തെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നും ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും ജനീവ കരാറുകളുടെയും ലംഘനം ആണെന്നും ഗ്ലോബൽ മൂവ്‌മെന്റ് ടു ഗസ്സ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.