വാഷിങ്ടൺ: വിഖ്യാത സാഹിത്യകാരൻ സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമത്തെ അപലപിച്ച് വൈറ്റ് ഹൗസ് ദേശീയ സുരക്ഷ സെക്രട്ടറി ജേക്ക് സുള്ളിവൻ. "റുഷ്ദിക്കെതിരെ നടന്ന നിന്ദ്യമായ അക്രമത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത് . ഭീതിപ്പെടുത്തുന്നതാണിത് ഇത്." -സള്ളിവൻ പറഞ്ഞു. "രക്ഷപ്പെടുത്താനായി വേദിയിലേക്ക് ഓടിയെത്തിയവരോട് നന്ദിയുണ്ട്. ഭരണകൂടം റുഷ്ദിക്കായി പ്രാർഥിക്കുന്നു"- അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച അമേരിക്കയിൽ നടന്ന സാഹിത്യ പരിപാടിക്കിടെ സദസ്സിലുണ്ടായിരുന്ന ഹാദി മാതർ എന്ന 24കാരൻ വേദിയിലെത്തി റുഷ്ദിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ന്യൂയോർക്ക് നഗരത്തിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ഷുറ്റോക്വാ ഇൻസ്റ്റിറ്റ്യൂഷനിൽ നൂറോളം ആളുകൾ പങ്കെടുത്ത പരിപാടിക്കിടെയാണ് ആക്രമം ഉണ്ടായത്. ന്യൂജഴ്സിക്കാരനായ ഇയാളെ പൊലീസ് പിടികൂടി.
ആക്രമത്തിൽ റുഷ്ദിയുടെ കണ്ണിനും കൈ ഞരമ്പുകൾക്കും കരളിനും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
1988ൽ പ്രസിദ്ധീകരിച്ച 'ദ സാത്താനിക് വേഴ്സസ്' എന്ന വിവാദപരമായ പുസ്തകത്തിന്റെ പേരിൽ മുപ്പത് വർഷത്തിൽ കൂടുതലായി റുഷ്ദി വധഭീഷണി നേരിടുന്നുണ്ടായിരുന്നു. മതനിന്ദ ആരോപിച്ച് ഇറാൻ പുസ്തകം നിരോധിക്കുകയും റുഷ്ദിക്കെതിരെ വധശിക്ഷ പ്രഖ്യാപിക്കുകയുമായിരുന്നു. ഇതോടെ ഒളിവിൽ പോയ റുഷ്ദി 10 വർഷം പോലീസ് സംരക്ഷണത്തിൽ യു.കെയിലും 2000ത്തിന് ശേഷം അമേരിക്കയിലുമായി താമസിച്ച് വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.