ഹസ്സൻ റഹിംപുർ അസ്ഗാഡി, ഖാംനഈ

ഖാംനഈയെ വധിച്ചാൽ അത് നൂറ്റാണ്ടിലെ വലിയ തെറ്റ്, മൂന്നാം ലോകയുദ്ധത്തിന് കാരണമാകും -ഇറാൻ

തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ വെളിപ്പെടുത്തലിൽ രൂക്ഷ പ്രതികരണവുമായി ഇറാൻ രംഗത്ത്. ഖാംനഈയെ വധിച്ചാൽ അത് മൂന്നാം ലോകയുദ്ധത്തിന് കാരണമാകുമെന്ന് സുപ്രീം കൾച്ചറൽ റവല്യൂഷൻ കൗൺസിൽ അംഗം ഹസ്സൻ റഹിംപുർ അസ്ഗാഡി പറഞ്ഞു.

“ഇറാൻ പരമോന്നത നേതാവിനെ വധിച്ചാൽ, അത് ആഗോള തലത്തിൽ പ്രധാന നേതാക്കളെ വധിക്കുന്ന ഒരു പരമ്പരയുടെ തുടക്കമാകും. യു.എസിനുള്ളിൽ പോലും അതുണ്ടാകും. ഖാംനഈയെ അപായപ്പെടുത്താനുള്ള ഏത് ശ്രമവും നൂറ്റാണ്ടിലെ വലിയ തെറ്റാകും. യു.എസിന്‍റെ താൽപര്യങ്ങളും അഞ്ച് ഭൂഖണ്ഡത്തിലുമുള്ള അവരുടെ സഖ്യകക്ഷികളെയും ലക്ഷ്യമിട്ടുള്ള തിരിച്ചടികളായിരിക്കും പിന്നീടുണ്ടാകുക” -അസ്ഗാഡി പറഞ്ഞു.

നേരത്തെ പ്രതിരോധ മന്ത്രി ഇസ്രായേൽ കാട്സ്, 12 ദിന യുദ്ധത്തിനിടെ ഖാംനഈയെ വധിക്കാൻ ഐ.ഡി.എഫ് പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ദൗത്യം നടത്താനാകുന്ന തരത്തിൽ അവസരം ലഭിച്ചില്ലെന്നും ഖാംനഈയെ വധിക്കാൻ യു.എസിന്‍റെ അനുമതി ആവശ്യമില്ലെന്നും കാട്സ് അഭിമുഖത്തിൽ പറയുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

ജൂൺ 13നാണ് ‘ഓപറേഷൻ റൈസിങ് ലയൺ’ എന്ന പേരിൽ ഇസ്രായേൽ ഇറാനുനേരെ ആക്രമണം നടത്തിയത്. ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ, മിലിറ്ററി ബേസുകൾ, ഇന്‍റലിജൻസ് സൈറ്റുകൾ എന്നിവയായിരുന്നു ഇസ്രായേൽ ലക്ഷ്യമിട്ടത്. ഇതിനു മറുപടിയായി ‘ഓപറേഷൻ ട്രൂ പ്രോമിസ് 3’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് ഇറാൻ തിരിച്ചടിച്ചത്. നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും ഇസ്രായേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം ഭേദിച്ച് ആ രാജ്യത്ത് പതിച്ചു. 12 ദിവസത്തിനു ശേഷം യു.എസ് വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു.

അതേസമയം ഇറാനെതിരെയുള്ള ആക്രമണങ്ങൾക്ക് ഇസ്രായേലിനെ ഉത്തരവാദിയാക്കിയില്ലെങ്കിൽ മുഴുവൻ മേഖലയും അതിനപ്പുറവും കഷ്ടപ്പെടേണ്ടിവരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് മനുഷ്യാവകാശങ്ങളും മാനുഷിക നിയമങ്ങളും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമലംഘനങ്ങൾക്ക് ഇസ്രായേലിനെയും യു.എസിനെയും ഉത്തരവാദിയാക്കേണ്ടതിന്റെ പ്രാധാന്യം അരാഗ്ചി ഊന്നിപ്പറഞ്ഞു.

ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യു.എസ്-ഇസ്രായേൽ ആക്രമണങ്ങൾ ആണവ നിർവ്യാപന ഉടമ്പടിയുടെയും 2015ലെ ഇറാന്റെ സമാധാനപരമായ ആണവ പദ്ധതിയെ സമവായത്തിലൂടെ അംഗീകരിച്ച യു.എൻ സുരക്ഷാസമിതി പ്രമേയത്തിന്റെയും നഗ്നമായ ലംഘനമായിരുന്നുവെന്നും അരാഗ്ചി പറഞ്ഞു. ഞായറാഴ്ചയാണ് 17-ാമത് ബ്രിക്‌സ് ഉച്ചകോടി ​റിയോ ഡി ജനീറോയിൽ ആരംഭിച്ചത്.

Tags:    
News Summary - Assassinating Khamenei would lead to World War 3: Iran official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.