ന്യൂഡൽഹി: ഇന്ത്യയുടെ ആക്രമണം സംബന്ധിച്ച് സ്ഥിരീകരണവുമായി പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. പുലർച്ചെ രണ്ടരക്ക് കരസേന മേധാവി ജനറൽ അസിം മുനീറാണ് ആക്രമണമുണ്ടായ വിവരം വിളിച്ച് പറഞ്ഞത്. ആശങ്കപ്പെടുത്തുന്ന സംഭവമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
നൂർ ഖാൻ ഉൾപ്പടെയുള്ള തന്ത്രപ്രധാനമായ പാക് വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയ വിവരമാണ് അസിം മുനിർ തന്നെ വിളിച്ച് പറഞ്ഞതെന്നും ഷഹബാസ് ശരീഫ് പറഞ്ഞു. പാക് പ്രധാനമന്ത്രിയുടെ പ്രസംഗ വിഡിയോ ബി.ജെ.പി നേതാവ് അമിത് മാളവ്യ എക്സിൽ പോസ്റ്റ് ചെയ്തു. ഓപ്പറേഷൻ സിന്ദൂറിന്റെ കൃത്യതയും വ്യാപ്തിയും വ്യക്തമാക്കുന്നതാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണമെന്ന് അമിത് മാളവ്യ പറഞ്ഞു.
മേശക്ക് ചുറ്റുമിരുന്ന് ഇന്ത്യക്കും പാകിസ്താനുമിടയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പറഞ്ഞിരുന്നു. കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള സന്നദ്ധത പാക് പ്രധാനമന്ത്രി അറിയിച്ചു. പാകിസ്താനെതിരെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് ഷഹബാസ് ശരീഫിന്റെ പ്രതികരണം.
കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ പരിഹാരമാകാതെ മേഖലയിൽ സമാധാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശാശ്വതസമാധാനം കൈവരിച്ചാൽ തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടാമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. എന്നാൽ, സ്വയംപ്രതിരോധത്തിനുള്ള അവകാശം പാകിസ്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.