ബഗ്ദാദ്: കഴിഞ്ഞ ദിവസം യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട, ഇറാെൻറ മുതിർന്ന സൈനിക വിഭാഗമായ ഖുദ്സ് സേനാ തലവൻ ജനറൽ ഖാസിം സുലൈമാനി, പൗരസേന ഹശ്ദ് അൽശഅ്ബിയുടെ ഉപമേധാവി അബൂ മഹ്ദി അൽമുഹന്ദിസ് എന്നിവരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള വിലാപയാത്രക്ക് ബഗ്ദാദ് തെരുവുകളിൽ നിറഞ്ഞൊഴുകിയത് ലക്ഷങ്ങൾ. അമേരിക്കയോട് പ്രതികാരത്തിന് സമയമായെന്ന് ഉറക്കെ വിളിച്ചായിരുന്നു സമീപകാലത്ത് ഇറാഖ് കണ്ട ഏറ്റവും വലിയ അന്ത്യയാത്ര. ഇറാനും യു.എസും തമ്മിലെ സംഘർഷം രക്തരൂഷിത യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കകൾക്കിടെ നടന്ന പ്രകടനങ്ങളിൽ ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദി, മുൻ പ്രധാനമന്ത്രി നൂരി അൽമാലികി, ശിയാ നേതാക്കളായ അമ്മാർ അൽഹകീം, ഫാലിഹ് ഫയ്യാദ് തുടങ്ങി വിവിധ രംഗങ്ങളിലെ പ്രമുഖർ പങ്കാളികളായി.
കറുത്ത വസ്ത്രങ്ങളണിഞ്ഞ്, ഹശ്ദ് അൽശഅ്ബിയുടെ കൊടികളേന്തി ബഗ്ദാദിെൻറ പ്രാന്തപ്രദേശമായ ഖാദിമിയയിലെ ശിയാ പള്ളിയിൽനിന്നായിരുന്നു യാത്രയുടെ തുടക്കം. കടുത്ത സുരക്ഷയുള്ള ഗ്രീൻ സോൺ ചുറ്റി ടൈഗ്രീസ് നദിയുടെ പരിസരം വഴി, ഇറാഖിൽ പൊതുജന പ്രക്ഷോഭങ്ങളുടെ വേദിയായ ഹുർരിയ്യ ചത്വരത്തിലേക്കായിരുന്നു മൃതദേഹങ്ങൾ വഹിച്ചുള്ള യാത്ര. ഹശ്ദ് പ്രവർത്തകരുടെ ഒട്ടേറെ വാഹനങ്ങൾ മൃതദേഹങ്ങൾ വഹിച്ച് എട്ട് ആംബുലൻസുകൾക്ക് അകമ്പടി നൽകി.
തുടർന്ന്, കർബലയിലും അവിടന്ന് നജഫിലേക്കും കൊണ്ടുപോകും. അബൂ മഹ്ദി അൽമുഹന്ദിസിെൻറ മൃതദേഹം നജഫിൽ ഖബറടക്കും. സുലൈമാനിയുടെ മൃതദേഹം തെഹ്റാനിലെത്തിച്ച് ഞായറാഴ്ചയാകും ഖബറടക്കം.
സുലൈമാനിയുടെ മരണത്തിൽ ഇറാൻ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിസന്ധി കനത്തതോടെ, ഇറാഖിലെ ശിയാ നേതൃത്വം രാജ്യത്തിെൻറ രക്ഷക്കായി സജ്ജരാകാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. നേതാക്കളായ മുഖ്തദ സദ്ർ, ഖൈസ് അൽഗസാലി തുടങ്ങിയവർ യു.എസിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ചചെയ്യാൻ ഇറാഖ് പാർലമെൻറ് ഞായറാഴ്ച അടിയന്തര യോഗം ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.