സിറിയൻ പ്രശ്​നം: ജനീവ ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങളില്ല



ജനീവ: സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ തുടങ്ങിയ ചര്‍ച്ചകള്‍ സുപ്രധാന തീരുമാനങ്ങളില്ലാതെ പിരിഞ്ഞു. എന്നാല്‍, ഈ മാസം അവസാനത്തില്‍ വീണ്ടും സംഭാഷണത്തിന് ധാരണയിലത്തെിയിട്ടുണ്ട്. അടുത്തഘട്ടം ചര്‍ച്ചകള്‍ക്കുള്ള അജണ്ടകള്‍ തയാറാക്കി ജനീവയിലെ യോഗം അവസാനിപ്പിച്ചതായി സിറിയയിലെ യു.എന്‍ ദൂതന്‍ സ്റ്റാഫണ്‍ ഡി മിസ്തൂറ അറിയിച്ചു.

അഞ്ചാംഘട്ട ചര്‍ച്ചകള്‍ക്ക് ഇരുപക്ഷത്തെയും ഈ മാസം അവസാനത്തില്‍തന്നെ ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച പ്രതിപക്ഷ കക്ഷികളുമായും സിറിയന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായും നടത്തിയ വ്യത്യസ്ത ചര്‍ച്ചകള്‍ക്കുശേഷമാണ് സംഭാഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ധാരണയായത്. സിറിയയില്‍ സംഘര്‍ഷം അവസാനിപ്പിച്ച് രാഷ്ട്രീയ സ്ഥിരതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനീവ കൂടിക്കാഴ്ച നടന്നത്. സിറിയന്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതി അംഗീകരിച്ച പ്രമേയം നടപ്പാക്കുന്നതിനാണ് സംഭാഷണങ്ങള്‍ ആരംഭിച്ചത്. സ്ഥിരതയുള്ള സര്‍ക്കാര്‍, പുതിയ ഭരണഘടന, യു.എന്‍ മേല്‍നോട്ടത്തിലുള്ള തെരഞ്ഞെടുപ്പ് എന്നീ മൂന്ന് വിഷയങ്ങളായിരുന്നു ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നത്.

എന്നാല്‍,  തീവ്രവാദ വിരുദ്ധതകൂടി അജണ്ടയില്‍ ചേര്‍ക്കണമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടതോടെ ചര്‍ച്ച വഴിമുട്ടിയിരുന്നു. ഈ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തുന്നത് രാഷ്ട്രീയമാറ്റത്തെ തടയാനുള്ള തന്ത്രമായാണ് പ്രതിപക്ഷം വിലയിരുത്തിയത്.അടുത്ത ജനീവ ചര്‍ച്ച ആരംഭിക്കുന്നതിനുമുമ്പ് കസാഖ്സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ മാര്‍ച്ച് 14ന് തുര്‍ക്കിയുടെയും ഇറാന്‍െറയും പിന്തുണയോടെ ചര്‍ച്ച നടക്കും. ഇതില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്തുന്നതടക്കമുള്ള വിഷയങ്ങള്‍ കടന്നുവരും.

കഴിഞ്ഞ ആറു വര്‍ഷമായി നടക്കുന്ന സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിവിധതലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. യുദ്ധത്തില്‍ ഇതിനകം അഞ്ചു ലക്ഷത്തിലേറെപേര്‍ കൊല്ലപ്പെടുകയും പത്തു ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ പകുതിയിലധികം പൗരന്മാരെ വിവിധതലത്തില്‍ യുദ്ധം ബാധിച്ചിട്ടുമുണ്ട്.

Tags:    
News Summary - syriyan issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.