????????? ???????????? ??????? ????? ???????? ???????????????????????? ????????? ???????????????????

അലപ്പോയില്‍ റഷ്യന്‍ വ്യോമാക്രമണം; 55 മരണം

ഡമസ്കസ്: സിറിയന്‍ നഗരമായ അലപ്പോയില്‍ റഷ്യന്‍ സൈന്യം തുടരുന്ന കനത്ത വ്യോമാക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. അലപ്പോയിലെ ബുസ്താന്‍ അല്‍ഖ സ്റിറിലും അയല്‍ദേശമായ ഫര്‍ദോസ്, അര്‍റഷീദ എന്നിവിടങ്ങളിലുമുള്ളവരാണ് കൊല്ലപ്പെട്ടത്.ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യോമാക്രമണം തുടങ്ങിയതു മുതലുള്ള വെടിയൊച്ചകളും സ്ഫോടനങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ ശ്മശാന മൂകതയാണ് നഗരത്തിലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സൗദി അറേബ്യ, ഖത്തര്‍ അടക്കമുള്ള 63 രാജ്യങ്ങളോടും യു.എന്‍ രക്ഷാസമിതിയോടും സിറിയയില്‍ കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുന്നത് തടയണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ഒപ്പിട്ട കത്ത് ആവശ്യപ്പെട്ടു. സിറിയയിലെ പ്രശ്നം ആയുധംകൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ളെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ജനീവ കണ്‍വെന്‍ഷന്‍ അനുസരിച്ച് രാജ്യത്തിന്‍െറ രാഷ്ട്രീയാധികാരം കൈമാറുന്നതിന് എല്ലാവരും ഒന്നിച്ച് നിലയുറപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അലപ്പോയുടെ ഉള്‍പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളും ബോംബ് സ്ഫോടനങ്ങളും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അവശേഷിക്കുന്ന കുടിവെള്ളം വളരെ  പരിമിതമാണെന്നും വൈദ്യസാമഗ്രികളുടെ അടിയന്തര ആവശ്യമാണുള്ളതെന്നും മുറിവേറ്റവര്‍ക്ക് ചികിത്സ നല്‍കാനുള്ള വഴികള്‍ തുറന്നുതരണമെന്നും സന്നദ്ധ സഹായ ഏജന്‍സികള്‍ അഭ്യര്‍ഥിക്കുന്നു. അതിനിടെ, നേരത്തേ ഐ.എസില്‍ ഉണ്ടായിരുന്ന, ഇപ്പോള്‍ വിമതരായവരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് സിറിയയില്‍ പുനരധിവാസ ക്യാമ്പുകള്‍ തുടങ്ങിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

തടവുകാരായി പിടിക്കപ്പെട്ടവരടക്കം 300 പേര്‍ ക്യാമ്പിലുണ്ടെന്നും പറയുന്നു. ഇത്തരക്കാരെ പുനരധിവസിപ്പിക്കാനും അവരെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാനുമാണ് ഇതിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ക്യാമ്പ് നടത്തുന്ന ജയ്ശെ അല്‍തഹ്രീര്‍ എന്ന സംഘടനയുടെ കമാന്‍ഡര്‍ മുഹമ്മദ് അല്‍ഗാബി പറഞ്ഞു. സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എംബസിയുമായി ബന്ധപ്പെടാന്‍ അവസരം ഒരുക്കുമെന്നും അല്‍ഗാബി അറിയിച്ചു.

Tags:    
News Summary - russian air strike in syria kills 56 in aleppo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.