ഇസ്ലാമാബാദ്: പാകിസ്താൻ ആഭ്യന്തര മന്ത്രി അഹ്സന് ഇഖ്ബാലിനു നേരെ വധശ്രമം. മധ്യ പഞ്ചാബ് പ്രവിശ്യയിലെ നറോവലിൽ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെയാണ് മന്ത്രിയുടെ വലതുതോളിനു നേരെ അജ്ഞാതന്‍ വെടിയുതിർത്തത്. രോവാലിലെ കഞ്ചൂര്‍ ഗ്രാമത്തിലാണ് സംഭവം.
റാലിയില്‍ പങ്കെടുത്തതിനു ശേഷം വാഹനത്തില്‍ കയറാന്‍ ശ്രമിക്കവെ യുവാവ് മന്ത്രിക്കു നേരെ വെടിവെക്കുകയായിരുന്നു. സമീപത്തെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതരും മകൻ അഹ്മദ് ഇഖ്ബാലും വ്യക്തമാക്കി. സംഭവം നടന്ന ഉടന്‍തന്നെ അഹ്സന് ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ബുള്ളറ്റ് നീക്കംചെയ്തു.
ആക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആബിദ് ഹുസൈൻ എന്ന 21 കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. ആക്രമണകാരണം വ്യക്തമായിട്ടില്ല.
സംഭവത്തിൽ പാക് പ്രധാനമന്ത്രി ശാഹിദ് ഖാഖാൻ അബ്ബാസിയുടെ ഒാഫിസ് നടുക്കം രേഖപ്പെടുത്തി. പാകിസ്താൻ മുസ്ലിം ലീഗ് (എൻ) അധികാരമേറ്റ 2013 മുതൽ കാബിനറ്റിലുള്ള ഇഖ്ബാൽ കഴിഞ്ഞ വർഷമാണ് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.