മുര്‍സിയുടെ ജീവപര്യന്തം ഈജിപ്ത് കോടതി റദ്ദാക്കി

കൈറോ:സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ത് പ്രസിഡന്‍റും ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി നേതാവുമായ മുഹമ്മദ് മുര്‍സിക്കെതിരെ ചുമത്തിയ രണ്ട് ജീവപര്യന്തം തടവുകളില്‍ ഒന്ന് പരമോന്നത അപ്പീല്‍ കോടതി റദ്ദാക്കി. ഇറാനും ഫലസ്തീനിലെ ഹമാസിനും രാജ്യത്തിന്‍െറ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന കേസിലെ ജീവപര്യന്തം തടവാണ് റദ്ദാക്കിയത്. ഈ കേസില്‍ പുനര്‍വിചാരണ നടത്താനും കോടതി ഉത്തരവിട്ടു.

മുര്‍സിക്ക് അനുകൂലമായ രണ്ടാമത്തെ കോടതി വിധിയാണിത്. ദിവസങ്ങള്‍ക്കു മുമ്പ് മുര്‍സിക്കെതിരായ വധശിക്ഷയും കോടതി റദ്ദാക്കിയിരുന്നു. അദ്ദേഹത്തിനൊപ്പം വിചാരണ നേരിടുന്ന ഖൈറാത് അല്‍ ശാതിര്‍, മുഹമ്മദ് അല്‍ ബല്‍താജി, അഹ്മദ് അബ്ദുല്‍ അതിയ്യ് എന്നിവരുള്‍പ്പെടെ 15 ബ്രദര്‍ഹുഡ് നേതാക്കളുടെയും ശിക്ഷ റദ്ദാക്കിയതായി അഭിഭാഷകന്‍ അബ്ദുല്‍ മുനീം അബ്ദുല്‍ മഖ്സൂദ് അറിയിച്ചു.

16 ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ വധശിക്ഷയും റദ്ദാക്കി. വിചാരണ നടക്കുമ്പോള്‍ ഇവരില്‍ 13 പേരും ഹാജരായിരുന്നില്ല. ഈജിപ്തിന്‍െറ സുരക്ഷ രഹസ്യങ്ങളടങ്ങിയ തന്ത്രപ്രധാന രേഖകള്‍ ബ്രദര്‍ഹുഡിനെ പിന്തുണക്കുന്ന ഖത്തറിനു ചോര്‍ത്തിക്കൊടുത്തെന്ന കേസിലും അദ്ദേഹത്തിന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഈ കേസില്‍ നവംബര്‍ 27ന് വാദം കേള്‍ക്കും.

ഹുസ്നി മുബാറക്കിനെ അട്ടിമറിക്കാന്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന കേസില്‍ മുര്‍സിയെ 20 വര്‍ഷം തടവിന് കഴിഞ്ഞ മാസം അപ്പീല്‍ കോടതി ശിക്ഷിച്ചിരുന്നു.   ഈ കേസുകളിലെല്ലാം അദ്ദേഹം മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തു.   
ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റാണ് 65കാരനായ മുര്‍സി. സൈനിക അട്ടിമറിയിലൂടെയാണ് 2013 ജൂലൈയില്‍ അദ്ദേഹത്തെ പുറത്താക്കിയത്. ഭരണത്തിലേറി കഷ്ടിച്ച് ഒരുവര്‍ഷം പൂര്‍ത്തിയായ സന്ദര്‍ഭത്തിലായിരുന്നു അത്. മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിക്കുകയും ചെയ്തു. 

Tags:    
News Summary - muhammad mursi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.