മാലെ: മാലദ്വീപിൽ നിന്ന്അഞ്ചുവർഷം മുമ്പ് കാണാതായ മാധ്യമ പ്രവർത്തകനെ അൽഖാഇദയുമായി ബന്ധമുള്ള പ്രാദേശിക ഭീകരസംഘം കൊലപ്പെടുത്തിയതായി അന്വേഷണ സംഘം.
മിനിവാൻ വാർത്ത വെബ്സൈറ്റിലെ മാധ്യമ പ്രവർത്തകൻ അഹ്മദ് റിദ്വാൻ അബ്ദുല്ലയാണ് കൊല്ലപ്പെട്ടത്. മുൻ പ്രസിഡൻറ് അബ്ദുല്ല യമീെൻറ ഭരണകാലത്തെ ‘നിർബന്ധിത തിരോധാനവും കൊലപാതകങ്ങളും’ അന്വേഷിക്കുന്ന പ്രസിഡൻഷ്യൽ അന്വേഷണ കമീഷനാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.
2014 ആഗസ്റ്റ് എട്ടിനാണ് റിദ്വാനെ കാണാതാവുന്നത്. ‘ബിലാദുശ്ശാം’ എന്ന പേരിലുള്ള പ്രാദേശിക ഭീകരസംഘത്തിൽ നിന്ന് റിദ്വാൻ ഭീഷണി നേരിട്ടിരുന്നതായി അന്വേഷണ കമീഷൻ പ്രസിഡൻറ് ഹുസ്നുൽ സുഊദ് പറഞ്ഞു. ഹുളുമാലെ ദ്വീപിലെ വീട്ടിൽനിന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ റിദ്വാനെ കൊന്ന് കടലിൽ തള്ളുകയായിരുന്നു. കേസന്വേഷണം വഴിതിരിച്ചുവിടാൻ പ്രസിഡൻറായിരുന്ന അബ്ദുല്ല യമീൻ ശ്രമിച്ചതായി സുഊദ് ആരോപിച്ചു.
വൈസ് പ്രസിഡൻറായിരുന്ന അഹ്മദ് അദീബ് കേസിൽ ഇടപെട്ടതായും അദ്ദേഹം പറഞ്ഞു. റിദ്വാനെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് സി.സി.ടി.വി കാമറയിൽ കുടുങ്ങിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അദീബ് ഇടപെട്ട് അവരെ മോചിപ്പിച്ചു. അദീബിനെതിരെ കേസെടുക്കാൻ കമീഷൻ നിർദേശിച്ചതായി അദ്ദേഹം അറിയിച്ചു. ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച അദീബിനെ രണ്ടാഴ്ച മുമ്പ് തമിഴ്നാട് തീരത്തുവെച്ച് പിടികൂടി മാലദ്വീപിന് കൈമാറിയിരുന്നു.
റിദ്വാനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രചാരണം നടത്തിയ ബ്ലോഗർ യമീൻ റഷീദിനെ 2017ൽ കൊലപ്പെടുത്തിയത് ഇതേസംഘമാണെന്നും സുഊദ് പറഞ്ഞു. 2012ൽ മിതവാദിയായ നിയമനിർമാണസഭാംഗത്തെ കൊലപ്പെടുത്തിയതും പുരോഗമനവാദിയായ ബ്ലോഗറെ കൊലപ്പെടുത്താൻ ശ്രമിച്ചതും ഇവരായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.