കാഠ്മണ്ഡു: 139 യാത്രക്കാരുമായി കാഠ്മണ്ഡുവില്‍നിന്ന് ക്വാലാലംപുരിലേക്ക് പുറപ്പെട്ട മലേഷ്യൻ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും പറന്നുയരാനിരിക്കെ റൺവേയിൽനിന്നും തെന്നിമാറിയ വിമാനം ചെളിയിൽ പുതഞ്ഞതിനാൽ അപകടം വഴിമാറുകയായിരുന്നു.
മലിന്‍ഡോ എയറിെൻറ ബോയിങ് 737 വിമാനമാണ് അപകടത്തില്‍പെട്ടത്. യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചുവെന്നും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിൽനിന്നും പുറപ്പെടാനിരുന്ന 12ൽപരം അന്താരാഷ്ട്ര സർവിസുകൾ റദ്ദാക്കി. 12 മണിക്കൂറുകൾക്ക് ശേഷമാണ് സേവനം പുനരാരംഭിച്ചത്. കോക്ക്പിറ്റിനകത്തെ മോണിറ്ററിൽ പിശക് ശ്രദ്ധയിൽപെട്ടതിെനത്തുടർന്ന് ക്യാപ്റ്റൻ പുറപ്പെടൽ റദ്ദാക്കാൻ തീരുമാനിച്ചു.
എന്നാൽ, ടേക്ക് ഒാഫ് സ്പീഡ് കാരണം വിമാനം നിയന്ത്രിക്കാൻ കഴിയാതെ റൺവേയിൽനിന്നും 50 മീറ്ററോളം മുന്നോട്ടുപോയി ചെളിയിൽ പുതഞ്ഞ് നിൽക്കുകയായിരുന്നു. മുൻഭാഗത്തെ ടയർ ചെളിയിൽ കുടുങ്ങിയതൊഴികെ വിമാനത്തിന് മറ്റ് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. കഴിഞ്ഞമാസം ധാക്കയില്‍നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ വിമാനം പറന്നിറങ്ങുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി ഫുട്ബാൾ മൈതാനത്ത് തകർന്നുവീണ് 51 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.