അമ്മാൻ: നികുതി പരിഷ്കരണ ബില്ലിനെതിരെ ജോർഡനിൽ ആരംഭിച്ച പ്രക്ഷോഭം പുതിയ ദിശലേക്ക്. പ്രധാനമന്ത്രി ഹാനി അൽമുലൂകിയുടെ രാജിയോടെ അവസാനിക്കുമെന്ന് കരുതിയ പ്രക്ഷോഭം സർക്കാർ സംവിധാനത്തെ പൂർണമായും മാറ്റിപ്പണിയണമെന്ന ആവശ്യവുമായി ശക്തിപ്പെട്ടിരിക്കുകയാണ്. ഇൗ ആവശ്യമുന്നയിച്ച് അഞ്ചാം ദിവസമായ തിങ്കളാഴ്ചയും പ്രക്ഷോഭകർ തെരുവിലിറങ്ങി.
നിലവിലെ സർക്കാർ രീതികൾ മാറണമെന്നും പുതിയ സംവിധാനമൊരുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാജ്യത്തിെൻറ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഭാരം ജനങ്ങൾക്ക് മേൽ കെട്ടിവെക്കുകയാണെന്നും ഇത് മാറണമെന്നാണ് തങ്ങളുടെ പ്രധാന ആവശ്യമെന്നും പ്രതിഷേധക്കാരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ധനം, ഭക്ഷണം എന്നിവക്ക് സബ്സിഡി നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. അതിനിടെ, രാജിവെച്ച ഹാനി അൽമുലൂകിക്ക് പകരം വിദ്യാഭ്യാസ മന്ത്രി ഉമർ അൽറസ്സാസിനെ അബ്ദുല്ല രാജാവ് പ്രധാനമന്ത്രിയായി നിയമിച്ചു.
മുൻ ലോക ബാങ്ക് ഉദ്യോഗസ്ഥനായ റസ്സാസ് പരിഷ്കരണവാദിയായാണ് അറിയപ്പെടുന്നത്. ഹിറാക് ശബാബി എന്ന യുവാക്കളുടെ സ്വതന്ത്ര സംഘടനയാണ് അമ്മാനിലെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന തൊഴിലാളി യൂനിയനുകളും സമരത്തിൽ പങ്കാളികളാകുന്നുണ്ട്. അഭിഭാഷകരും മാധ്യമപ്രവർത്തകരും പ്രക്ഷോഭത്തെ പിന്തുണക്കുന്നുണ്ട്. ബുധനാഴ്ച രാജ്യത്ത് പൊതു പണിമുടക്കിനും യൂനിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
വർഷങ്ങളായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ജോർഡൻ. സർക്കാർ പുതുതായി കൊണ്ടുവരുന്ന നികുതി പരിഷ്കരണ ബിൽ രാജ്യത്തെ ദരിദ്രർക്കും മധ്യവർഗക്കാർക്കും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണെന്നാണ് വിമർശനം. ബില്ലിനെതിരെ കഴിഞ്ഞ ആഴ്ച തുടങ്ങിയ പ്രക്ഷോഭമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.