ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കി ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ആണവ വിരുദ്ധ ആക്ടിവിസ്റ്റിന് ജയം. റിയൂചി യോനിയാമ എന്ന 49കാരനാണ് നീകാത പ്രവിശ്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചുലക്ഷത്തില്‍ ഏറെ വോട്ടുനേടി ജയിച്ചത്.
ലോകത്തെ തന്നെ ഏറ്റവും വലിയ ആണവ നിലയമായ കാഷിവസാക്കി-കരിവ നിലകൊള്ളുന്ന പ്രവിശ്യയാണ് നീകാത. ടോക്യോ ഇലക്ട്രിക് പവറിന്‍െറ (ടെപ്കൊ) ഉടമസ്ഥതയിലുള്ള നിലയത്തില്‍ ഏഴു റിയാക്ടറുകളുണ്ട്. 2007ല്‍ ഭൂകമ്പത്തെ തുടര്‍ന്ന് നിലയത്തില്‍ ചോര്‍ച്ചയും അഗ്നിബാധയുമുണ്ടായി. അന്നു പ്രവര്‍ത്തനം നിര്‍ത്തിയ റിയാക്ടറുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചിരുന്നെങ്കിലും സ്ഥലത്തെ ഗവര്‍ണറുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിജയിച്ചില്ല.
പുതിയ ഗവര്‍ണറെ തെരഞ്ഞെടുത്ത ശേഷം ആണവനിലയം വീണ്ടും പ്രവര്‍ത്തിപ്പിക്കാനാവുമെന്ന സര്‍ക്കാര്‍ പ്രതീക്ഷയാണ് ഇപ്പോള്‍ അസ്ഥാനത്തായിരിക്കുന്നത്. ജനങ്ങളുടെ ജീവിതത്തിന് സംരക്ഷണം ഉറപ്പുവരുത്താനാവാത്തിടത്തോളം കാലം ആണവനിലയം വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ താന്‍ അനുമതി നല്‍കില്ളെന്ന് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം റിയൂചി യോനിയാമ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് ജപ്പാനിലെ ഏറ്റവും കൂടുതല്‍ വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികളില്‍ മൂന്നാം സ്ഥാനത്തുള്ള ടെപ്കൊയുടെ ഓഹരി മൂല്യം എട്ടുശതമാനം ഇടിഞ്ഞു. ഈ വര്‍ഷം ജൂലൈയില്‍ നടന്ന കഗൊഷിമ പ്രവിശ്യാ തെരഞ്ഞെടുപ്പിലും ആണവവിരുദ്ധ വക്താവാണ് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. 2011ലെ ഫുകുഷിമ ആണവചോര്‍ച്ചയെ തുടര്‍ന്ന് ആണവ നിലയങ്ങള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കുന്നതിനെതിരെ കനത്ത വികാരമാണ് ജപ്പാനില്‍ നിലനില്‍ക്കുന്നത്. രാജ്യത്തെ 43 റിയാക്ടറുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.