ജറൂസലം: ഗസ്സ അതിർത്തിയിൽ ഫലസ്തീനികൾ തുടരുന്ന പ്രതിഷേധ പ്രകടനത്തിനു നേരെ ഇസ്രായേൽ സേന നടത്തിയ വെടിവെപ്പിൽ നാലുപേർ മരിച്ചു. 600ലേറെ പേർക്ക് പരിക്കേറ്റു. ‘മടക്കത്തിെൻറ മഹായാത്ര’ എന്നപേരിൽ മാർച്ച് 30ന് അതിർത്തി പ്രദേശങ്ങളിൽ തുടക്കംകുറിച്ച പ്രതിഷേധത്തിെൻറ ഭാഗമായാണ് കഴിഞ്ഞ ദിവസവും പ്രകടനം നടന്നത്. ഇവർക്കു നേരെ ഇസ്രായേൽ സേന വെടിയുതിർക്കുകയായിരുന്നു. മൂന്നു പേർ സംഭവത്തിനുടനും ഒരാൾ ശനിയാഴ്ചയുമാണ് മരിച്ചത്. ഇസ്രായേൽ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം ഇതോടെ 124 ആയി. 13,000 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
1948ൽ ഏഴര ലക്ഷത്തോളം ഫലസ്തീനികളെ ആട്ടിപ്പായിച്ച് ഇസ്രായേൽ നടത്തിയ അധിനിവേശത്തിനെതിരെയാണ് രണ്ടുമാസം മുമ്പ് ഗസ്സയിൽ പ്രകടനങ്ങൾക്ക് തുടക്കമിട്ടത്. നഷ്ടമായ ഭൂമി വിട്ടുകിട്ടുംവരെ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്കാരത്തിനു ശേഷം പ്രകടനം ആവർത്തിക്കാനാണ് ഫലസ്തീനികളുടെ തീരുമാനം.
ഫലസ്തീനി പ്രതിഷേധങ്ങളെ ഇസ്രായേൽ ചോരയിൽ മുക്കുന്നതിൽ പ്രതിഷേധിച്ച് യു.എൻ അടുത്ത ബുധനാഴ്ച അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. അറബ് രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയം ചർച്ചചെയ്യാനാണ് യോഗമെന്ന് യു.എൻ പൊതുസഭ അധ്യക്ഷൻ മിറോസ്ലാവ് ലജാക് പറഞ്ഞു. 193 അംഗ പൊതുസഭയിൽ വീറ്റോയില്ലെങ്കിലും ഉന്നതതല സമിതിയായ രക്ഷാസമിതി പ്രമേയങ്ങൾക്കാണ് നിയമസാധുത.
കഴിഞ്ഞ ദിവസം പരിക്കേറ്റവരിൽ എ.എഫ്.പി ഉൾപ്പെടെ പ്രമുഖ രാജ്യാന്തര ഏജൻസികൾക്കുവേണ്ടി പ്രവർത്തിച്ച പ്രമുഖ ഫോേട്ടാഗ്രാഫർ മുഹമ്മദ് ആബിദ് ബാബയുമുണ്ട്. വടക്കൻ ഗസ്സയിൽ പ്രതിഷേധ പ്രകടനം കാമറയിൽ പകർത്തുന്നതിനിടെ ഇസ്രായേൽ സേന വെടിയുതിർക്കുകയായിരുന്നു. ഇസ്രായേൽ ആക്രമണത്തെ ഫലസ്തീനിലെ യു.എൻ പ്രതിനിധി അപലപിച്ചു. അറബ് ലീഗ്, ഒ.െഎ.സി എന്നിവ അടിയന്തരമായി യു.എൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.