ഇസ്തംബൂള്‍ ഭീകരാക്രമണം: ഐ.എസ് ഉത്തരവാദിത്തം ഏറ്റു

അങ്കാറ: പുതുവത്സര ദിനത്തില്‍ തുര്‍ക്കിയിലെ പ്രധാന നഗരമായ ഇസ്തംബൂളിലുണ്ടായ ഭീകരാക്രമണം നടത്തിയത് തങ്ങളാണെന്ന് ഐ.എസ് അവകാശപ്പെട്ടു. കുരിശിന്‍െറ സംരക്ഷകരായ തുര്‍ക്കിക്കെതിരെ നടത്തിവരുന്ന ആക്രമണത്തിന്‍െറ ഭാഗമായാണ് നിശാക്ളബ് ആക്രമിച്ചതെന്ന് ഭീകരസംഘടനയുടെ പ്രസ്താവന ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമിയെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ മധ്യേഷ്യക്കാരനാണെന്നു സംശയിക്കുന്നതായി പേരു വെളിപ്പെടുത്താത്ത സുരക്ഷ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആക്രമിയെ പിടികൂടാന്‍ ശക്തമായ നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന എട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദേശികളാണ്. രണ്ട് ഇന്ത്യക്കാരെ കൂടാതെ ഏഴ് സൗദി പൗരന്മാരും രണ്ട് മൊറോക്കോ പൗരന്മാര്‍, കാനഡ, സിറിയ, ഇസ്രായേല്‍, ലബനാന്‍, ബെല്‍ജിയം എന്നിവിടങ്ങളിലെ ഓരോ പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. ഒരാളെ ഇനിയും തിരിച്ചറിയാനായിട്ടില്ല. അതിനിടെ, ആക്രമണത്തെ കുറിച്ച് യു.എസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന അഭ്യൂഹം തുര്‍ക്കിയിലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍, യു.എസ് എംബസി ഇത് നിഷേധിച്ചു. ആക്രമണം നടന്ന ക്ളബിന്‍െറ ഉടമയാണ് സംഭവത്തെ കുറിച്ച് യു.എസിന് മുന്നറിയിപ്പുണ്ടായിരുന്നുവെന്ന പ്രസ്താവന ആദ്യം നടത്തിയത്. ഇത് പിന്നീട് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയായിരുന്നു.

22 ഐ.എസ് ഭീകരരെ വധിച്ചു
അങ്കാറ: സിറിയയിലെ അല്‍ബാബ് മേഖലയില്‍ ഐ.എസ് വിരുദ്ധ ആക്രമണത്തില്‍ തുര്‍ക്കി സൈന്യം 22 ഐ.എസ് ഭീകരരെ വധിച്ചു. 103 കേന്ദ്രങ്ങളിലാണ് തുര്‍ക്കി ആക്രമണം നടത്തിയത്. തുര്‍ക്കിക്ക് സിറിയയിലെ ഫ്രീ സിറിയന്‍ ആര്‍മിയുടെ പിന്തുണയുണ്ട്. കഴിഞ്ഞ ആഗസ്റ്റിലാണ് തുര്‍ക്കി സിറിയയില്‍ ഐ.എസ് വിരുദ്ധ ആക്രമണം തുടങ്ങിയത്.

Tags:    
News Summary - ISIS has claimed responsibility for the Istanbul nightclub attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.