ബഗ്ദാദ്: ഇറാഖ് തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ശിയ നേതാവ് മുഖ്തദ അൽസദ്റിെൻറ നേതൃത്വത്തിലുള്ള സഖ്യം വിജയത്തിലേക്ക്. 18 പ്രവിശ്യകളിൽ 16 എണ്ണത്തിലെയും വോട്ടുകൾ എണ്ണിയപ്പോൾ 329 സീറ്റുകളിൽ 54 എണ്ണമാണ് സദ്ർ-കമ്യൂണിസ്റ്റ് പാർട്ടി സഖ്യമായ സൈറൂനിന് ലഭിച്ചിരിക്കുന്നത്. 13 ലക്ഷത്തിലധികം വോട്ടുകളും സഖ്യത്തിന് കിട്ടിയിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ശിയ മിലീഷ്യ നേതാവ് ഹാദി അൽ അമീരി നേതൃത്വം നൽകുന്ന ഫതഹ് സഖ്യം രണ്ടാമതും നിലവിലെ പ്രധാനമന്തി ഹൈദർ അൽഅബാദിയുടെ നസ്ർ സഖ്യം മൂന്നാം സ്ഥാനത്തുമാണ്.
കേവല ഭൂരിപക്ഷമായ 165 സീറ്റ് ഒരു കക്ഷിക്കും ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ ചെറുകക്ഷികളെ കൂട്ടുപിടിച്ച് സൈറൂൻ സഖ്യം അധികാരത്തിലെത്താനാണ് സാധ്യത. എന്നാൽ, ഇറാഖിലെ രീതിയനുസരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ഫലം ഒൗദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഏറെ വൈകാൻ ഇടയുണ്ടെന്നും സർക്കാർ രൂപവത്കരണം നീണ്ടേക്കാമെന്നും സൂചനയുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ രാജ്യത്തുനിന്ന് തുരത്തിയതിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഇതിന് നേതൃത്വം നൽകിയ സർക്കാറിെൻറ അമരക്കാരൻ എന്ന നിലയിൽ വിജയം നേടാമെന്ന പ്രതീക്ഷയിലായിരുന്നു അമേരിക്കയുടെയും ഇറാെൻറയും പിന്തുണയുള്ള പ്രധാനമന്ത്രി ഹൈദർ അൽഅബാദി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇയാദ് അല്ലാവിയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് വിജയം നേടിയതെങ്കിലും ഇറാെൻറ എതിർപ്പിനെ തുടർന്ന് അദ്ദേഹത്തിന് സ്ഥാനമേൽക്കാനായിരുന്നില്ല. തുടർന്നാണ് ഹൈദർ അൽഅബാദി പ്രധാനമന്ത്രിയായത്.
കഴിഞ്ഞ പതിറ്റാണ്ടിെൻറ തുടക്കത്തിൽ യു.എസ് അധിനിവേശത്തിനെതിരെ പ്രസംഗിച്ച് രംഗത്തുവന്ന മുഖ്തദ അൽസദ്ർ ജനപിന്തുണയുള്ള ശിയ നേതാവായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഒരേസമയം, അമേരിക്കയുടെയും ഇറാെൻറയും ഇടപെടലിനെ എതിർക്കുന്ന അൽസദ്ർ ഇറാഖിൽ സ്വന്തം രാജ്യത്തിെൻറ താൽപര്യങ്ങൾ മാത്രമാണ് സംരക്ഷിക്കേണ്ടത് എന്ന് വാദിക്കുന്നു. കഴിഞ്ഞവർഷം സൗദി അറേബ്യ സന്ദർശിച്ച അൽസദ്ർ ഇറാെൻറ രോഷത്തിന് പാത്രമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.