തെഹ്റാൻ: ലോക രാജ്യങ്ങളുമായി 2015ൽ ഒപ്പുവെച്ച ആണവ കരാർ തകർന്നാൽ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് ഇറാൻ. ഇതിനായി ഏറ്റവും പുതിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കയാണെന്ന് ഇറാൻ ആണവോർജ പദ്ധതി തലവൻ അലി അക്ബർ സാലിഹി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഇക്കാര്യം യു.എൻ ആണവോർജ ഏജൻസിയോട് കത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ നീക്കം ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇൗയുടെ നിർദേശമനുസരിച്ചാണ്. ആണവ കരാർ ഇല്ലാതാകുന്നതു വരെ അതിെൻറ പരിധിയിൽ നിന്നുകൊണ്ടു മാത്രമേ നീങ്ങുകയുള്ളൂ. തകർന്നാൽ ഞങ്ങളുടേതായ രീതിയിൽ മുന്നോട്ടുപോകും -അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, ഇറാെൻറ പുതിയ നീക്കം തങ്ങളുടെ രാജ്യെത്ത തകർക്കാനുള്ള ആണവായുധങ്ങൾ നിർമിക്കാനാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. രണ്ടു ദിവസം മുമ്പ് ഇറാൻ പരമോന്നത നേതാവ് ഇസ്രായേൽ തകരാനുള്ള തെൻറ താൽപര്യം പ്രകടിപ്പിച്ചിരുന്നു. അതിനാൽ, ഇറാനെ ആണവ പദ്ധതിക്ക് ഞങ്ങൾ അനുവദിക്കില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
2015ൽ യു.എസ്, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്ന് ഇറാനുമായി ഉണ്ടാക്കിയ കരാറാണ് ആണവ കരാർ. ഇറാൻ യുറേനിയം സമ്പുഷ്ടീകരണം കുറക്കുന്നതിന് പകരമായി ഉപരോധത്തിൽ ഇളവ് വരുത്തുമെന്നായിരുന്നു കരാർ. എന്നാൽ, യു.എസ് കഴിഞ്ഞ മാസം കരാറിൽനിന്ന് പിന്മാറിയതോടെ ഇത് ഇല്ലാതാകാനുള്ള സാധ്യത വർധിച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.