ന്യൂഡൽഹി: അപകടകരമായി മാറിയ ഇന്ത്യ-പാകിസ്താൻ ഏറ്റുമുട്ടലിന് അയവുവരുത്തി ഇന്ത്യൻ പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർധമാന് മോചനം. കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിനെ ‘സമാധാന സന്ദേശ’മെന്ന നിലയിൽ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻഖാൻ പ്രഖ്യാപിച്ചു. വ്യോമ ഉപരോധം നിലനിൽക്കുന്നതിനാൽ വാഗാ അതിർത്തിയിൽ ഇന്ത്യൻ ഹൈകമീഷനിലെ എയർ അറ്റാഷെ ഗ്രുപ് ക്യാപ്റ്റന് അഭിനന്ദനെ കൈമാറും.
അമേരിക്കയും സൗദി അറേബ്യയും മുൻകൈയെടുത്ത് സംഘർഷം ലഘൂകരിക്കാൻ ഇന്ത്യക്കും പാകിസ്താനും മേൽ സമ്മർദം ശക്തമാക്കിയതിനു പിന്നാലെയാണ് പാകിസ്താൻ പാർലമെൻറിൽ ഇംറാൻഖാെൻറ പ്രഖ്യാപനം. ഒട്ടുമിക്ക പാർലമെൻറ് അംഗങ്ങളും അതിനെ പിന്താങ്ങി. സംഘർഷം കൂട്ടാൻ പാകിസ്താന് താൽപര്യമില്ലെന്ന് ഇംറാൻ പറഞ്ഞു. ഇക്കാര്യം പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബുധനാഴ്ച രാത്രി ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. സംഘർഷം കുറക്കാൻ താൽപര്യപ്പെടുന്നതിെൻറ അർഥം, പാകിസ്താൻ പേടിച്ചു എന്നല്ലെന്നും ഇംറാൻ പറഞ്ഞു.
പൈലറ്റിനെ ഉടനടി മോചിപ്പിക്കുന്നതിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. അഭിനന്ദനെ വിട്ടയക്കുന്നത് സമാധാന സന്ദേശമായി കാണുന്നില്ലെന്നാണ് രാത്രി ഏഴരയോടെ ഡൽഹിയിൽ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് കര, നാവിക, വ്യോമ സേനാ ഉപമേധാവികൾ വാർത്താലേഖകരോട് വിശദീകരിച്ചത്.
യുദ്ധത്തടവുകാരെ സുരക്ഷിതമായി മോചിപ്പിക്കണമെന്ന ജനീവ ഉടമ്പടി അനുസരിച്ചുള്ള നടപടിയെന്ന നിലയിലാണ് മോചനത്തെ കാണുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. ഇന്ത്യൻ പൈലറ്റിനെ വിട്ടയക്കുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. അഭിനന്ദനെ വെള്ളിയാഴ്ച ഇന്ത്യക്ക് കൈമാറി കിട്ടിയ ശേഷം മാത്രം ഇക്കാര്യത്തിൽ കൂടുതൽ എന്തെങ്കിലും പറയാമെന്ന് സേനാ ഉപമേധാവികൾ വ്യക്തമാക്കി.
അതിർത്തി കടന്നെത്തിയ പാക് പോർവിമാനങ്ങളെ തുരത്തുന്ന നീക്കത്തിനിടയിലാണ് തകർന്ന വിമാനത്തിൽനിന്ന് രക്ഷപ്പെട്ട പൈലറ്റ് പാക് സൈന്യത്തിെൻറ കസ്റ്റഡിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.