ഇസ്ലാമാബാദ്: പാകിസ്താനിൽ ഇന്ന് വിധിയെഴുത്ത്. നവാസ് ശരീഫിെൻറ പാകിസ്താൻ മുസ്ലിം ലീഗ്, ക്രിക്കറ്റിൽനിന്ന് രാഷ്ട്രീയത്തിലെത്തിയ ഇംറാൻ ഖാെൻറ പാകിസ്താൻ തഹ്രീകെ ഇൻസാഫ്, മുൻ പ്രധാനമന്ത്രി ബേനസീർ ഭുേട്ടായുടെ മകൻ ബിലാവൽ ഭുേട്ടാ നയിക്കുന്ന പീപ്ൾസ് പാർട്ടി ഒാഫ് പാകിസ്താൻ എന്നിവയാണ് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്. 10.6 കോടി വോട്ടർമാരാണ് രാജ്യത്തുള്ളത്.
1947ൽ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടതു മുതൽ സൈന്യവും ജനാധിപത്യ സർക്കാറും മാറിമാറി ഭരിച്ച പാരമ്പര്യമാണ് പാകിസ്താനിൽ. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ അഞ്ചുവർഷ കാലാവധി പൂർത്തിയാക്കി അധികാരം കൈമാറുന്ന വേളകൂടിയാണിത്. പാകിസ്താനില്‍ സർക്കാറുകള്‍ അഞ്ചുവര്‍ഷ ഭരണകാലാവധി പൂര്‍ത്തിയാക്കുന്നതുതന്നെ അപൂര്‍വമാണ്. 2008ല്‍ അധികാരത്തിലേറിയ പാകിസ്താന് പീപ്ൾസ് പാര്‍ട്ടി (പി.പി.പി) സര്‍ക്കാര്‍ ആണ് ആദ്യമായി അഞ്ചുവര്‍ഷം തികച്ച് ചരിത്രം കുറിച്ചത്.
കാലാവധി തികക്കാത്ത പ്രധാനമന്ത്രിമാർ
പാകിസ്താെൻറ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും അഞ്ചുവർഷ കാലാവധി തികച്ചിട്ടില്ല. നവാസ് ശരീഫിെൻറ കാര്യത്തിലും മറിച്ചല്ല സംഭവിച്ചത്. മൂന്നുതവണ പ്രധാനമന്ത്രിയായിട്ടും ശരീഫിന് കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 1990ലാണ് പാകിസ്താെൻറ 12ാമത് പ്രധാനമന്ത്രിയായി ശരീഫ് ആദ്യമായി അധികാരേമറ്റത്. 1993ൽ പ്രസിഡൻറ് ഗുലാം ഇസ്ഹാഖ് ഖാൻ അദ്ദേഹത്തിെൻറ സർക്കാറിനെ പിരിച്ചുവിട്ടു. ശരീഫ് സുപ്രീംകോടതിയെ സമീപിച്ചു. 1997ൽ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1999 ഒക്ടോബറിൽ ജനറൽ പർവേസ് മുശർറഫ് സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തു. ശരീഫ് നാടുവിട്ടു. 2013ൽ മൂന്നാമതും അദ്ദേഹം അധികാരത്തിലേറി. 2017ൽ അഴിമതിക്കേസിൽ കോടതിവിധിയിലൂടെ അയോഗ്യനാക്കപ്പെട്ടു.
പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ )
2013ലെ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ നവാസ് ശരീഫ് നേതൃത്വം നൽകന്ന പി.എം.എൽ-എൻ അഴിമതിക്കേസിൽ മുഖം മങ്ങിയിരിക്കയാണ്. പാർട്ടിയെ സംബന്ധിച്ചിടത്തോളം നിർണായകമാണീ തെരഞ്ഞെടുപ്പ്. അഴിമതിക്കേസിൽ നവാസ് ശരീഫ് കുറ്റക്കാരനാണെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് സഹോദരൻ ശഹബാസ് ശരീഫിനാണ് പാർട്ടിയുടെ ചുക്കാൻ. ശരീഫിെൻറ കാലത്തുണ്ടായ സാമ്പത്തിക നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് പി.എം.എൽ വോട്ട് തേടുന്നത്. പി.എം.എല്ലിൽ 17,000ത്തോളം പാർട്ടി അംഗങ്ങളുടെ പേരിൽ ക്രിമിനൽ കേസുണ്ട്. എന്നാൽ, അഴിമതിക്കേസിൽ ശരീഫ് കീഴടങ്ങാൻ സന്നദ്ധനായത് നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അണികൾ.
ഒരുതരത്തിൽ പറഞ്ഞാൽ രാഷ്ട്രീയ തീർഥയാത്രയാണ്ശരീഫിനെ സംബന്ധിച്ച് ഇൗ ജയിൽവാസമെന്ന് പി.എം.എൽ-എൻ ഇൻഫർമേഷൻ സെക്രട്ടറി ഖാജ താരീഖ് നാസിർ വിലയിരുത്തി. മക്കയിൽ ചെന്ന് ഹജ്ജ് നിർവഹിച്ചാൽ പാപങ്ങെളല്ലാം പൊറുക്കപ്പെടുമെന്നാണ് വിശ്വാസം. അഴിമതിക്കേസിൽ അറസ്റ്റ് വരിച്ച് ജയിൽജീവിതം തുടങ്ങിയതോടെ ശരീഫിെൻറ തെറ്റുകൾ മാഞ്ഞുപോയിരിക്കുന്നു -നാസിർ തുടർന്നു. നവാസ് ശരീഫിെൻറ ജന്മനാടായ പഞ്ചാബ് പ്രവിശ്യയാണ് പാർട്ടിയുടെ ശക്തികേന്ദ്രം. രാജ്യത്തെ ഏറ്റവും സമ്പന്ന പ്രവിശ്യയാണിത്. ഏറ്റവും കൂടുതൽ അംഗങ്ങളെ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കുന്ന മണ്ഡലവും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 182 സീറ്റുകളാണ് പി.എം.എല്ലിനു ലഭിച്ചത്.
പാകിസ്താൻ തഹ്രീകെ ഇൻസാഫ് (പി.ടി.െഎ)
ക്രിക്കറ്റിൽനിന്നു രാഷ്ട്രീയത്തിലേക്ക് കളംമാറിയ ഇംറാൻ ഖാൻ ആണ് ഇൗ തെരഞ്ഞെടുപ്പിൽ പി.എം.എൽ-എന്നിെൻറ ശക്തനായ എതിരാളി. പാക് രാഷ്ട്രീയത്തിൽ ആഴത്തിൽ വേരോട്ടമുള്ള സൈന്യത്തിെൻറ ശക്തമായ പിന്തുണ ഇംറാനുണ്ടെന്നാണ് പലരും കരുതുന്നത്. അഴിമതിയിൽനിന്ന് തുടച്ചുനീക്കി പാകിസ്താന് പുതിയ മുഖം നൽകുമെന്ന വാഗ്ദാനവുമായാണ് ഇംറാൻ വോട്ടുതേടുന്നത്. ശരീഫിനും കുടുംബത്തിനുമെതിരായ അഴിമതിക്കേസ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നതും ഇംറാൻ ആണ്. യുവാക്കളുടെ വോട്ട് നേടാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. അതിനിടെ ഇംറാൻഖാന് തെൻറ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉടൻ തിരിച്ചടി ലഭിക്കുമെന്നും വിലയിരുത്തലുകളുണ്ട്. അദ്ദേഹം പണം പൂഴ്ത്തിവെച്ചത് തെളിഞ്ഞാൽ, നികുതി വെട്ടിപ്പ് നടത്തിയാൽ, സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താതിരുന്നാൽ ജനങ്ങൾതന്നെ ജയിൽശിക്ഷ വാങ്ങിക്കൊടുക്കാൻ രംഗത്തിറങ്ങും. 2013ൽ പി.ടി.െഎ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് ഖൈബർ പഖ്തൂൻഖ്വയിൽനിന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 32 സീറ്റാണ് പി.ടി.െഎ നേടിയത്.
പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി)
രാജ്യത്തെ ഇടതുചായ്വുള്ള ഏക പാർട്ടിയാണിത്. 1967ൽ പാർട്ടി രൂപവത്കരിച്ചതു മുതൽ നിരവധി സർക്കാറുകളിൽ പങ്കാളിയായി. മുൻ ഭരണാധികാരി സുൽഫിക്കർ അലി ഭുേട്ടായുടെ പേരക്കുട്ടിയായ 29കാരൻ ബിലാവൽ ആണിപ്പോൾ പാർട്ടിയുടെ സാരഥി. സിന്ധ് പ്രവിശ്യയിലാണ് പി.പി.പി ശ്രദ്ധേകന്ദ്രീകരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 46 സീറ്റുകളാണ് പി.പി.പി സ്വന്തമാക്കിയത്. ലോക ജനസംഖ്യയിൽ ആറാം സ്ഥാനത്താണ് പാകിസ്താൻ. 20 കോടിയാണ് ആകെ ജനസംഖ്യ. സിന്ധ്, ബലൂചിസ്താൻ, പഞ്ചാബ്, ഖൈബർ പഖ്തൂൻഖ്വ എന്നീ നാലു പ്രവിശ്യകളാണ് രാജ്യത്തുള്ളത്. പാർലമെൻറിലേക്കും പ്രവിശ്യ നിയമസഭയിലേക്കുമായാണ് തെരഞ്ഞെടുപ്പ്. 342 ആണ് ആകെ സീറ്റ്. അതിൽ 70 സീറ്റ് സംവരണമാണ്. സംവരണമൊഴികെ 272 അംഗ പാർലമെൻറിൽ 137 സീറ്റുകൾ നേടുന്ന പാർട്ടിക്ക് ഭരണം നടത്താം. 3765 സ്ഥാനാർഥികളിൽ 171 പേർ വനിതകളാണ്.
ഇന്ത്യൻ ബന്ധം
പി.എം.എൽ വിജയിച്ചാൽ ഇന്ത്യയെയും യു.എസിനെയും സംബന്ധിച്ച് ആശ്വാസമാകും. സൈന്യവുമായി ബന്ധമുള്ള ഇംറാെൻറ വിജയം ഇന്ത്യക്ക് തിരിച്ചടിയാകും. പി.എം.എല്ലിെൻറ ഒരുപിടി നേതാക്കൾ വിവിധ കേസുകളിൽ പെട്ട് ജയിലിലുമാകും. തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിൽ സൈന്യം ഭരണം ഏറ്റെടുക്കും. 3,71,000 സൈനികരെ രംഗത്തിറക്കി സൈന്യം ഒാരോ നീക്കവും നിരീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.