ആഗോള താപനം; ഹൈഡ്രോഫ്ലൂറോ കാര്‍ബണ്‍ തോത് കുറക്കാന്‍

കിഗാലി: പാരിസ് ഉടമ്പടിക്കു പിന്നാലെ ആഗോളതാപനം തടയാന്‍ കിഗാലി ഉടമ്പടിയും. മാരകമായ ഹരിതഗൃഹവാതകങ്ങളുടെ  (ഹൈഡ്രോഫ്ളൂറോ കാര്‍ബണിന്‍െറ -എച്ച്.എഫ്.സി) തോത് ഗണ്യമായി കുറക്കാന്‍ 150ലേറെ രാജ്യങ്ങളാണ് റുവാണ്ടയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണയിലത്തെിയത്. കാര്‍ബണ്‍ഡൈ ഓക്സൈഡിനെക്കാള്‍ മാരകമായ എയര്‍കണ്ടീഷനറുകളും റഫ്രിജറേറ്ററുകളും സ്പ്രേകളും പുറംതള്ളുന്ന ഹൈഡ്രോഫ്ളൂറോ കാര്‍ബണുകളെക്കുറിച്ചായിരുന്നു യോഗത്തില്‍ പ്രധാന ചര്‍ച്ച.   ഫ്രിഡ്ജ്, എയര്‍ കണ്ടീഷനിങ്, സ്പ്രേ എന്നിവയുടെ അമിത ഉപയോഗമാണ് ഹൈഡ്രോഫ്ളൂറോ കാര്‍ബണിന്‍െറ  തോത് വര്‍ധിക്കാനുള്ള പ്രധാന കാരണം.

ഇന്ത്യയെയും ചൈനയെയും പോലുള്ള സാമ്പത്തിക വളര്‍ച്ചയിലേക്ക് കുതിക്കുന്ന രാജ്യങ്ങളില്‍ വരുംദശകങ്ങളില്‍ ഇത്തരം ഉല്‍പന്നങ്ങളുടെ നിരക്ക് കുതിച്ചുയരും. കരാര്‍ പ്രാബല്യത്തിലാവുന്നതോടെ ഈ നൂറ്റാണ്ട് അവസാനിക്കാറാവുമ്പോഴേക്കും ആഗോളതാപനം  ഗണ്യമായി (.5 ഡിഗ്രി സെല്‍ഷ്യസ്) കുറക്കാന്‍ കഴിയുമെന്ന് പാരിസ്ഥിതിക സംഘടനകള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

2020ഓടെ ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസ് ആയി കുറക്കണമെന്നതാണ് പാരിസ് ഉടമ്പടിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന്. പാരിസ് ഉടമ്പടിയെ അപേക്ഷിച്ച് കിഗാലി കരാറില്‍ ധാരണയിലത്തെിയ 197 രാജ്യങ്ങള്‍ക്ക് ഹരിതഗൃഹവാതകങ്ങളുടെ തോത് കുറക്കാന്‍ പ്രത്യേകം സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ഇക്കാര്യത്തില്‍ വികസിത രാജ്യങ്ങള്‍ അവരുടെ സാങ്കേതികവിദ്യകള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് നല്‍കി സഹായിക്കുകയും വേണം.   

യൂറോപ്യന്‍ യൂനിയനും  യു.എസ് ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളും 2019 മുതല്‍ വാതകം പുറംതള്ളുന്നത് 10 ശതമാനം കുറക്കണം.   ചൈനയുള്‍പ്പെടെ 100ലേറെ വികസ്വര രാജ്യങ്ങള്‍ 2024ഓടെയും ഇന്ത്യ, പാകിസ്താന്‍, ചില ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവ 2028ഓടെയും വാതകങ്ങളുടെ തോത് കുറക്കാനുള്ള നടപടികള്‍ തുടങ്ങണം.  എന്നാല്‍ ഇന്ത്യയും ചൈനയും കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറംതള്ളുന്ന രാജ്യമാണ് യു.എസ്.
ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന്‍െറ സുപ്രധാന  ചുവടുവെപ്പാണിതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അറിയിച്ചു. പാരിസ് ഉടമ്പടിക്കു ശേഷം നിലവില്‍വന്ന നാഴികക്കല്ലായ ഉടമ്പടിയാണിതെന്ന് യു.എന്‍ വിശേഷിപ്പിച്ചു. ഓസോണ്‍ പാളിയുടെ സംരക്ഷണത്തിന് നിലവില്‍വന്ന 1987ലെ മോണ്‍ഡ്രിയാല്‍ ഉടമ്പടിക്കും യോഗം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

Tags:    
News Summary - Global warming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.