കൊറോണ വ്യാപനം: മഹാമാരി ഒടുങ്ങിയ ശേഷം 'സമഗ്ര വിശകലനം' ആകാമെന്ന് ചൈന

ബീജീങ്: കൊറോണ വൈറസ് വ്യാപനം കൈകാര്യം ചെയ്തതിൽ ചൈന സ്വീകരിച്ച നടപടികളെ ഇതാദ്യമായി ലോകവേദിയിൽ പ്രതിരോധിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. 

വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ചൈന സുതാര്യതയോടെയും തങ്ങളാൽ കഴിയുന്ന രീതിയിലും മറ്റ് രാജ്യങ്ങളെ സഹായിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ ലോകാരോഗ്യ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈറസ് വ്യാപനത്തെ നേരിടാൻ ലോകാരോഗ്യ സംഘടന നടത്തിയ പ്രവർത്തനങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള കരട് പ്രമേയത്തെ ചൈന പിന്തുണക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായും 'സൗത്ത് ചൈന മോണിങ് പോസ്റ്റ് ' റിപ്പോർട്ട് ചെയ്തു.

കോവിഡ്-19ന്റെ ഉത്ഭവത്തെ കുറിച്ചും അതിന്റെ വ്യാപനം നേരിടാൻ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര തലത്തിൽ സ്വീകരിച്ച നടപടികളെ കുറിച്ചുമുള്ള 'സമഗ്ര വിശകലനത്തെ' ചൈന പിന്തുണക്കുന്നു. ഇത് പക്ഷേ, മഹാമാരി പൂർണമായും ഒടുങ്ങിയ ശേഷം നടത്തുന്നതാണ് നല്ലത്. ശാസ്ത്രീയ അടിത്തറയോടെ വസ്തുനിഷ്ഠവും പക്ഷം ചേരാതെയുമുള്ള വിശകലനമാണ് നടത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്ക ഫണ്ട് വെട്ടിക്കുറച്ച സാഹചര്യത്തിൽ, ലോകാരോഗ്യ സംഘടനക്ക് ലോകരാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്നും ഷീ ജിൻപിങ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമിതിയാണ് ലോകാരോഗ്യ അസംബ്ലി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വെർച്വലായാണ് ലോകാരോഗ്യ അസംബ്ലി ഈ വർഷത്തെ സമ്മേളനം ചേർന്നത്. 194 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.ഇതിനോടകം മൂന്നുലക്ഷത്തോളം ആളുകളുടെ മരണത്തിന് കാരണമായ കൊറോണ വൈറസിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ യൂനിയൻ വാർഷിക സമ്മേളനത്തിൽ കരട് പ്രമേയം കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ 120 രാജ്യങ്ങൾ ഇതിനെ അനുകൂലിച്ചു.

കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് ചൈനയിൽ അന്വേഷണം നടത്തണമെന്ന ആവശ്യത്തോട് ഇനിയും ചൈന അനുകൂലമായി പ്രതികരിച്ചിട്ടില്ല. 'സമഗ്ര അവലോകനം' ആകാമെന്ന അഭിപ്രായം അന്വേഷണത്തിനുള്ള സമ്മതമാണെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോഴും,  ലോകത്തിന്റെ അടിയന്തരശ്രദ്ധ ജനങ്ങളെ രക്ഷിക്കുക എന്നതായിരിക്കണമെന്ന നിർദേശമാണ് സമ്മേളനത്തിൽ ഷീ ജിൻപിങ് മുന്നോട്ടുവെച്ചത്.

''കോവിഡ് 19 പുറത്തു കൊണ്ടുവന്ന, പൊതുജനാരോഗ്യ സുരക്ഷയിലെയും അതിന്റെ നടത്തിപ്പിലെയും ആഗോളതലത്തിലുള്ള ദൗർബല്യവും കുറവും പരിഹരിക്കാൻ നടപടിയുണ്ടാകണം. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭരണ നിർവഹണം ആഗോളതലത്തിൽ ശക്തിപ്പെടുത്തണം" - അദ്ദേഹം പറഞ്ഞു.

കോവിഡ്-19നെ കുറിച്ചുള്ള ആശങ്കകൾ പടരുന്നതിനിടെയും ലോകാരോഗ്യ സംഘടനയുടെയും അതിന്റെ ഡയറക്ടർ ജനറൽ ടെഡ്രോസ് ഖെബ്രിയേസസിനെതിരെയും വിമർശനങ്ങൾ ഉയരുന്നതിനിടെയുമാണ് ഇത്തവണത്തെ വാർഷിക സമ്മേളനം നടക്കുന്നത്.

Tags:    
News Summary - covid 19 china news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.