സുഡാനില്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി ആംനസ്റ്റി

ഖര്‍ത്തൂം: സുഡാനില്‍ പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെ സിവിലിയന്മാര്‍ക്കുനേരെ സര്‍ക്കാര്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ റിപ്പോര്‍ട്ട്. ദര്‍ഫുറിന്‍െറ ഉള്‍മേഖലകളില്‍ എട്ടു മാസത്തിനിടെ നിരവധി തവണയാണ് സൈന്യം രാസായുധം പ്രയോഗിച്ചത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട 250 പേരില്‍ ഏറെയും പിഞ്ചുകുഞ്ഞുങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിച്ച് ഇവിടെ ആക്രമണം തുടരുകയാണ്. 2016 ജനുവരി മുതല്‍ ദര്‍ഫുറിലെ ജബല്‍ മാരാ മേഖലയില്‍ ചുരുങ്ങിയത് 30 തവണയാണ് രാസായുധപ്രയോഗം നടന്നത്.

സിവിലിയന്മാര്‍ക്കുനേരെ സുഡാന്‍ സൈന്യം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും ആംനസ്റ്റി മുന്നറിയിപ്പ് നല്‍കി. എന്നാല്‍, റിപ്പോര്‍ട്ട് സുഡാന്‍ സര്‍ക്കാര്‍ തള്ളി. ആക്രമണത്തില്‍ ഭീകരമായി പരിക്കേറ്റ് വിലപിക്കുന്ന  കുഞ്ഞുങ്ങളുടെ കാഴ്ച വിവരണാതീതമാണെന്ന്  ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ മേധാവി തിരാന ഹസന്‍ പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വിഡിയോയും കൈവശമുണ്ടെന്നും തിരാന വെളിപ്പെടുത്തി. ചില കുഞ്ഞുങ്ങള്‍ ശ്വാസംകിട്ടാതെ പിടയുന്നതും ചിലര്‍ രക്തം ഛര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച്  സുഡാന്‍ സര്‍ക്കാര്‍ സ്വന്തം ജനതക്കുനേരെ രാസായുധം ആവര്‍ത്തിച്ച് പ്രയോഗിക്കുകയാണ്.റാക്കറ്റുകളും വിമാനങ്ങളുമുപയോഗിച്ചാണ് സൈന്യം ബോംബുകള്‍ ഭൂമിയിലേക്കിടുന്നത്. സംഭവത്തെക്കുറിച്ച് യു.എന്‍ രക്ഷാ കൗണ്‍സില്‍ അന്വേഷണം നടത്തണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു.

Tags:    
News Summary - amnesty international

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.