അമേരിക്കയും ഉത്തര കൊറിയയും അനൗദ്യോഗിക ചര്‍ച്ച നടത്തി

സോള്‍: അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ നയതന്ത്ര ചര്‍ച്ച നടന്നതായി റിപ്പോര്‍ട്ട്. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപുരില്‍വെച്ചാണ്  ചര്‍ച്ച നടത്തിയെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. രണ്ടു രാജ്യങ്ങളിലെയും അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അനൗദ്യോഗിക ചര്‍ച്ചയാണ് നടന്നതെന്നാണ് പുറത്തുവിട്ട വിവരം. നേരത്തേ അന്താരാഷ്ട്രാ വിലക്ക് ലംഘിച്ച് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയപ്പോള്‍ അമേരിക്ക രാജ്യത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതോടെ, അമേരിക്കയുമായുള്ള നയതന്ത്രബന്ധം പ്രസിഡന്‍റ് കിം ജോങ് ഉന്‍ ജൂലൈയില്‍ അവസാനിപ്പിച്ചിരുന്നു. 1994ല്‍ ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയപ്പോള്‍ സമാധാന ചര്‍ച്ചക്കായി എത്തിയ റോബോര്‍ട്ട് ഗല്ലൂച്ചിയാണ് പുതിയ നയതന്ത്ര ബന്ധത്തിന് തുടക്കമിട്ടതെന്നാണ് വിവരം. യു.എന്‍ മുന്‍ ഡെപ്യൂട്ടി അംബാസഡറും നിലവില്‍ ഉത്തര കൊറിയയുടെ വിദേശകാര്യ സഹമന്ത്രിയുമായ ഹാങ് സോങ് റോയലാണ് ഉത്തരകൊറിയയെ പ്രതിനിധാനംചെയ്ത് എത്തിയത്.

വ്യാഴാഴ്ച ഉത്തര കൊറിയ വീണ്ടും പുതിയ മീഡിയം റെയ്ഞ്ച് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു പ്രതിനിധി ഉത്തര കൊറിയയുടെ ആണവ പരീക്ഷണംതന്നെയാണ് ഇരു രാജ്യങ്ങളും കൂടുതല്‍ ചര്‍ച്ചചെയ്തതെന്ന് അറിയിച്ചു. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനുമുമ്പ് യു.എന്നുമായി സമാധാന കരാറുണ്ടാക്കാന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി ഉത്തര കൊറിയ വാദിച്ചു. എന്നാല്‍,  അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാതെ ആണവായുധങ്ങള്‍ നിര്‍മിച്ചതിനെക്കുറിച്ച് ചര്‍ച്ചചെയ്യാമെന്ന് അമേരിക്കന്‍ പക്ഷം അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഉത്തര കൊറിയയുമായി ചര്‍ച്ചക്കു ശ്രമിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നോട്ടുപോവാന്‍ സാധിച്ചിരുന്നില്ല. ഉത്തര കൊറിയക്കെതിരെ ഉപരോധവും ബഹിഷ്കരണവും പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതൊന്നും ഒരു ഫലവും ചെയ്തില്ളെന്ന വിമര്‍ശം യു.എസ് പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഒൗദ്യോഗികമല്ളെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം. താക്കീതിനുശേഷവും ആണവ പരീക്ഷണം നടത്തിയതിനാല്‍ ഉത്തര കൊറിയക്കെതിരെ യു.എന്‍ സുരക്ഷാ സമിതി പുതിയ ശിക്ഷാ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ്.

Tags:    
News Summary - america and korea discussion,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.