?????????? ?????????

താലിബാന്‍–അഫ്ഗാന്‍ സമാധാന ചര്‍ച്ച ഖത്തറില്‍ പുനരാരംഭിച്ചു

ദോഹ: അഫ്ഗാന്‍ പ്രതിനിധികളും താലിബാനും ഖത്തറില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. രഹസ്യമായി നടന്ന ചര്‍ച്ചയില്‍ മുതിര്‍ന്ന യു.എസ് നയതന്ത്ര പ്രതിനിധി പങ്കെടുത്തതായി കാബൂള്‍വൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.  എന്നാല്‍, ഇക്കാര്യം അഫ്ഗാനിലെ യു.എസ് എംബസി തള്ളിക്കളഞ്ഞു.

സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍വരെ രണ്ട് ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകളില്‍ താലിബാന്‍ നേതാവായിരുന്ന മുല്ല ഉമറിന്‍െറ സഹോദരന്‍ മനാന്‍ അഖുന്ദിന്‍െറ സാന്നിധ്യവുമുണ്ടായിരുന്നു.   പാകിസ്താനില്‍ രണ്ടുതവണ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആദ്യമായാണ് ഇരുകക്ഷികളും ഒരു മേശക്കു ചുറ്റും അണിനിരക്കുന്നത്.  2013ല്‍ ദോഹയില്‍ താലിബാന് ഓഫിസ് നിര്‍മിക്കുന്നതിന് ഖത്തര്‍ അനുമതി നല്‍കിയിരുന്നു. അന്നുതൊട്ട് താലിബാന്‍െറ  നയതന്ത്ര കേന്ദ്രമാണ് ദോഹ. അഫ്ഗാന്‍ സര്‍ക്കാര്‍ നിരവധി തവണ താലിബാനുമായി ചര്‍ച്ചകള്‍ നടത്തിയിട്ടും പരാജയപ്പെട്ട സാഹചര്യത്തിലാണ് മാധ്യസ്ഥ്യം വഹിക്കാന്‍ ഖത്തര്‍ മുന്നോട്ടുവന്നതെന്നാണ് റിപ്പോര്‍ട്ട്.

ഖത്തറില്‍ നടന്ന ചര്‍ച്ചകളില്‍ പാക്പ്രതിനിധികള്‍ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയം. സെപ്റ്റംബറില്‍ നടന്ന ആദ്യ കൂടിക്കാഴ്ച വിജയമായിരുന്നുവെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. താലിബാന്‍ നേതാവ് മുല്ല ഹിബത്തുല്ല അഖുന്ദസാദയും അഫ്ഗാന്‍ ഇന്‍റലിജന്‍സ് മേധാവി മുഹമ്മദ് മാസൂം സ്റ്റെയിന്‍സായിയും തമ്മിലായിരുന്നു പ്രധാന ചര്‍ച്ച. ഒക്ടോബര്‍ ആദ്യവാരമാണ് രണ്ടാമത്തെ കൂടിക്കാഴ്ച നടന്നത്. താലിബാനും അഫ്ഗാന്‍ സേനയും പോരാട്ടം തുടരുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. അഫ്ഗാന്‍ ഭരണകൂടത്തിനു വെല്ലുവിളിയുയര്‍ത്തി അടുത്തിടെ രണ്ടാംതവണയും താലിബാന്‍ കുന്ദൂസ് നഗരം പിടിച്ചെടുത്തിരുന്നു.

സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ പരിഹാരമാണ്  അഫ്ഗാന്‍ സര്‍ക്കാര്‍ തേടുന്നത്. കഴിഞ്ഞ മാസം ഇസ്ലാമിസ്റ്റ് നേതാവ് ഗുല്‍ബുദ്ദീന്‍ ഹിക്മതിയാറുമായി സര്‍ക്കാര്‍ സമാധാന ഉടമ്പടിയിലത്തെിയിരുന്നു.

ഒരു ദശകത്തോളമാണ് ഹിക്മതിയാരുടെ നേതൃത്വത്തില്‍ അഫ്ഗാന്‍  സര്‍ക്കാരും യു.എസും തമ്മിലുള്ള ധാരണപ്പിശകാണ് രാജ്യത്തെ പ്രശ്നത്തിന് കാരണമെന്നാണ് താലിബാന്‍ വിശ്വസിക്കുന്നത്.  അതിനാല്‍ അഫ്ഗാന്‍, താലിബാന്‍, യു.എസ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നും കരുതുന്നു.

2015 ജൂലൈയില്‍ പാകിസ്താനിലാണ് മൂന്നു വിഭാഗങ്ങളിലെയും  പ്രതിനിധികള്‍ പങ്കെടുത്തുള്ള ചര്‍ച്ച ഒടുവില്‍ നടന്നത്. സംഘര്‍ഷത്തിന് രാഷ്ട്രീയപരിഹാരം തേടിയുള്ള സര്‍ക്കാര്‍ ശ്രമങ്ങളെല്ലാം പരാജയമായിരുന്നു. താലിബാന്‍ നേതാവ് മുല്ല മന്‍സൂറിന്‍െറ മരണശേഷം വീണ്ടും ചര്‍ച്ചക്കുള്ള അവസരങ്ങളും അടഞ്ഞു.

പുനര്‍ചര്‍ച്ചക്ക് പാകിസ്താനും മുന്‍കൈയെടുത്തില്ല.  ഒക്ടോബര്‍ എട്ടിന് മുല്ല അഹ്മദുല്ല നാനിയെ ക്വറ്റയില്‍നിന്ന് പാകിസ്താന്‍ അറസ്റ്റ് ചെയ്യുകയുണ്ടായി.  നിരവധി താലിബാന്‍ നേതാക്കള്‍ അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പാകിസ്താനിലെ ക്വറ്റയില്‍ താമസിക്കുന്നുണ്ട്. എന്നാല്‍, അറസ്റ്റിനെക്കുറിച്ച് പാകിസ്താന്‍ പ്രതികരിച്ചിട്ടില്ല. താലിബാന്‍ വിഷയത്തില്‍ പാകിസ്താന്‍െറ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞതായി അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിയുടെ അടുത്ത അനുയായി വ്യക്തമാക്കി.

 

Tags:    
News Summary - afghan taliban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.