‘അഫ്ഗാന്‍ മൊണാലിസ’ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: കത്തുന്ന പച്ചക്കണ്ണുകളുമായി ലോകശ്രദ്ധ കവര്‍ന്ന ‘അഫ്ഗാന്‍ മൊണാലിസ’ ശാര്‍ബത് ഗുല ഇന്ത്യയിലേക്ക് വരുന്നു. യുദ്ധമുഖത്തെ അഭയാര്‍ഥി ദുരിതത്തിന്‍െറ ആഗോളപ്രതീകമായി മാറിയ മുഖത്തിന്‍െറ ഉടമ രോഗത്തിന് ചികിത്സ തേടിയാണ് ഇന്ത്യയിലത്തെുന്നത്. ഹെപ്പറ്റൈറ്റിസ് സി അടക്കമുള്ള അസുഖങ്ങള്‍ ഇവരെ അലട്ടുന്നുണ്ട്.

ഷര്‍ബത് ഗുലക്ക് ഇന്ത്യയില്‍ സൗജന്യചികിത്സ ലഭ്യമാക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യയിലെ അഫ്ഗാന്‍ അംബാസഡര്‍ ശായിദ അബ്ദാലി ട്വിറ്ററിലൂടെ നന്ദി പ്രകടിപ്പിച്ചു. മൂന്നു മക്കളുടെ മാതാവായ ഷര്‍ബതിന് ബംഗളൂരുവിലെ ആശുപത്രിയിലായിരിക്കും ചികിത്സ ലഭ്യമാക്കുക. വ്യാജ തിരിച്ചറിയല്‍ രേഖയുടെ പേരില്‍ ഏതാനും ദിവസം മുമ്പ് പാകിസ്താനില്‍ അറസ്റ്റിലായ ഇവര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 15 ദിവസം തടവില്‍ ഇടുകയും ലക്ഷത്തിലേറെ രൂപ പിഴയീടാക്കുകയും ചെയ്തശേഷം പാകിസ്താന്‍ ഷര്‍ബത്തിനെ അഫ്ഗാനിലേക്കുതന്നെ നാടുകടത്തി.

1984ല്‍ നാഷനല്‍ ജ്യോഗ്രഫിക് മാഗസിന്‍െറ പുറംചട്ടയിലൂടെയാണ് ശാര്‍ബത് ലോകശ്രദ്ധ കവര്‍ന്നത്. പെഷാവറിനടുത്തുള്ള അഭയാര്‍ഥി ക്യാമ്പില്‍വെച്ച് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കെറിയാണ് ജ്വലിക്കുന്ന കണ്ണുകളുള്ള പെണ്‍കുട്ടിയുടെ മുഖം പകര്‍ത്തിയത്. അന്നവര്‍ക്ക് 12 വയസ്സായിരുന്നു. ‘അഫ്ഗാന്‍ പെണ്‍കൊടി’ എന്ന പേരില്‍ ഇവര്‍ ലോകമെങ്ങും സുപരിചിതയായി. പിന്നീട് ഈ പെണ്‍കുട്ടിയെ തേടി 17 വര്‍ഷക്കാലം മക്കെറി പലയിടത്തും അലഞ്ഞു. ഒടുവില്‍ ആ കണ്ണുകളിലൂടെതന്നെ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു.

അന്ന് പാകിസ്താനില്‍ അഭയം തേടിയ ശാര്‍ബത്തിന് പാക് പൗരന്മാര്‍ക്ക് നല്‍കുന്ന തിരിച്ചറിയല്‍ രേഖ അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷം ഇത് വ്യാജമാണെന്ന കാരണത്താല്‍ നാടുകടത്തിയ പാക് നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നു. അഫ്ഗാനിലത്തെിയ ശാര്‍ബതും കുടുംബവും പ്രസിഡന്‍റ് അഷ്റഫ് ഗനിയെ സന്ദര്‍ശിച്ചിരുന്നു.

Tags:    
News Summary - afgan monalisa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.