വ്യാജ ഏറ്റുമുട്ടലില്‍ പാകിസ്താന്‍ പൊലീസ് 2000 പേരെ വധിച്ചെന്ന്

ഇസ്ലാമാബാദ്: വ്യാജ ഏറ്റുമുട്ടലിലൂടെ കഴിഞ്ഞ വര്‍ഷം പാകിസ്താന്‍ പൊലീസ് 2000 പേരെ കൊന്നതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. പിടിയിലാവുന്ന ക്രിമിനലുകളും, ഭീകരബന്ധം സംശയിക്കുന്നവരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് പൊലീസ് വിശദീകരിക്കാറുള്ളതെങ്കിലും കൂടുതല്‍ പേരെയും കസ്റ്റഡിയില്‍ വെച്ചുതന്നെ പൊലീസ് കൊല്ലുകയായിരുന്നുവെന്ന് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.  മാധ്യമങ്ങള്‍ നല്‍കുന്ന കൊലപാതക സാഹചര്യങ്ങളെല്ലാം വ്യാജമായിരുന്നു. ഏറ്റുമുട്ടല്‍ നടന്നു എന്നു പറയുമ്പോഴും അതില്‍ ഒരു പൊലീസുകാരന്‍പോലും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിരുന്നില്ല. ഇത് ഏറ്റുമുട്ടല്‍ നടന്നതായി പൊലീസ് പറയുന്ന, ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന സാഹചര്യത്തിലും മാധ്യമഭാഷ്യങ്ങളിലും സംശയമുണരാന്‍ കാരണമായി.
പല മുതിര്‍ന്ന ഉദ്യോഗസ്ഥരും എച്ച്.ആര്‍.ഡബ്ള്യു ഗവേഷകരോട് വ്യാജ ഏറ്റുമുട്ടലിലൂടെ നടക്കുന്ന കൊലപാതകങ്ങള്‍ ശരിവെച്ചു.

കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായ നടപടികള്‍ പാകിസ്താന്‍ പൊലീസ് അനുവര്‍ത്തിക്കുന്നതെന്ന് അവര്‍ പറയുന്നു. മതിയായ പരിശീലനം ലഭിക്കാത്തവരാണ് പൊലീസ് ഉദ്യോഗസ്ഥര്‍. പൊലീസ് നടപടി അവരെ സമൂഹത്തില്‍ ഏറ്റവുമധികം ഭയപ്പെടുന്ന വിഭാഗമായി മാറ്റാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷം ഭീകരസംഘടനയായ ലശ്കറെ ജാംഗ്വിയുടെ മുതിര്‍ന്ന അംഗങ്ങളെ ഇത്തരത്തില്‍ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെയാണ് വധിച്ചതെന്ന് വളരെ ആസൂത്രിതമായി നടക്കുന്ന ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് ഉദാഹരണമായി പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ ചൂണ്ടിക്കാണിച്ചു. അടുത്തിടെ കറാച്ചിയിലും ഭീകരബന്ധം ആരോപിക്കപ്പെട്ട നിരവധി പേരെ ഇത്തരത്തില്‍ വധിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

വ്യാജ ഏറ്റുമുട്ടല്‍ നടത്തുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു അങ്കലാപ്പുമുണ്ടായിരുന്നില്ല. തങ്ങളുടെ പ്രവൃത്തികള്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിന് ദുഷ്പേര് ഉണ്ടാക്കില്ളെന്ന് മിക്ക ഉദ്യോഗസ്ഥരും ഉറച്ചുവിശ്വസിക്കുന്നു. ക്രിമിനലുകളെ കൊല്ലുകതന്നെയാണ് വേണ്ടതെന്ന് ശരിയായി വിശ്വസിക്കുകയും അത് തുറന്നുപറയുകയും ചെയ്ത ഉദ്യോഗസ്ഥരുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അത്തരം ക്രിമിനലുകളെ വധിക്കാന്‍ വ്യാജ ഏറ്റുമുട്ടലുകളാണ് പറ്റിയ മാര്‍ഗമെന്നും അവര്‍ കരുതുന്നു.

മതിയായ തെളിവില്ലാതിരിക്കുക, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഭൂവുടമകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരുടെ സമ്മര്‍ദം കൊലപാതകത്തിന് കാരണമാണ്. ബ്രിട്ടീഷ് ഭരണകാലത്തുണ്ടാക്കിയ പൊലീസ് നിയമങ്ങള്‍ എല്ലാ നിയമലംഘനങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതായും എച്ച്.ആര്‍.ഡബ്ള്യു ഡയറക്ടര്‍ ബ്രാഡ് ആഡംസ് ചൂണ്ടിക്കാട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.