കാബൂള്‍: ഹിസ്ബെ ഇസ്ലാമി എന്ന സായുധ സംഘത്തിന്‍െറ അധ്യക്ഷന്‍ ഗുല്‍ബുദ്ദീന്‍ ഹിക്മത്യാര്‍ക്ക് അഫ്ഗാന്‍ സര്‍ക്കാര്‍ മാപ്പ് നല്‍കി. ഹിസ്ബെ ഇസ്ലാമി പ്രതിനിധികളുമായി മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നിലവില്‍വന്ന സമാധാന ഉടമ്പടിയുടെ അടിസ്ഥാനത്തിലാണിത്. അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിയും ഹിക്മത്യാറും ഒൗദ്യോഗികമായി ഒപ്പുവെക്കുന്നതോടെ  സമാധാന ഉടമ്പടി  പ്രാബല്യത്തിലാവും. ഹിക്മത്യാര്‍ക്കെതിരായ വിലക്കുകള്‍ എടുത്തുകളയുന്നതോടെ അദ്ദേഹത്തിന്‍െറ  രാഷ്ട്രീയപ്രവേശനത്തിന് വഴിതെളിയും.  ഹിസ്ബെ ഇസ്ലാമി തടവുകാരുടെ മോചനവും ഇതോടൊപ്പം സാധ്യമാവും.

അതേസമയം, ഹിക്മത്യാര്‍ക്ക് മാപ്പ് പ്രഖ്യാപിച്ചതിനെതിരെ മനുഷ്യാവകാശ സംഘങ്ങള്‍ രംഗത്തുവന്നു. ബുദ്ധിജീവികളെയും എതിരാളികളെയും നിഷ്കരുണം വേട്ടയാടിയ ഹിക്മത്യാര്‍ സിവിലിയന്മാരെ കൂട്ടക്കുരുതി ചെയ്തതായും ഹ്യൂമന്‍ റൈറ്റ്സ് വാച്ച്  ആരോപിച്ചു. അഫ്ഗാന്‍ ഭരണകൂടത്തിനെതിരെ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന സായുധസംഘങ്ങളില്‍ താലിബാന്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഹിസ്ബെ ഇസ്ലാമിക്കാണ്.  ഏതാനും വര്‍ഷങ്ങളായി ഹിസ്ബെ ഇസ്ലാമി അതിന്‍െറ പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്നോട്ടടിച്ചിരുന്നുവെങ്കിലും യു.എസിന്‍െറയും യു.എന്നിന്‍െറയും കരിമ്പട്ടികയിലാണ്.

ആഗോളഭീകരനെന്നാണ് യു.എസ് ഹിക്മത്യാറെ വിശേഷിപ്പിച്ചത്. അല്‍ഖാഇദയുമായും താലിബാനുമായും ബന്ധിപ്പിച്ചാണ് അമേരിക്ക സംഘത്തെ കാണുന്നത്.1997 മുതല്‍ ഒളിവില്‍ കഴിയുന്ന ഹിക്മത്യാര്‍ ഇപ്പോഴും കാബൂളിലേക്ക് മടങ്ങിയിട്ടില്ല. പാകിസ്താനിലാണെന്നാണു കരുതുന്നത്. സോവിയറ്റ് പിന്തുണയുള്ള അഫ്ഗാനിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെ പൊരുതുന്നതിനായാണ് 1975ല്‍ ഗുല്‍ബുദ്ദീന്‍ ഹിക്മത്യാറിന്‍െറ നേതൃത്വത്തില്‍ ഹിസ്ബെ ഇസ്ലാമി രൂപം കൊള്ളുന്നത്. 1992-96 കാലഘട്ടത്തിലെ അഫ്ഗാന്‍ ആഭ്യന്തരയുദ്ധക്കാലത്ത് ഹിസ്ബെ ഇസ്ലാമി സജീവമായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.