യമനിലെ തഇസില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; നിരവധി മരണം

സന്‍ആ: യമനില്‍ ഹൂതി വിമതരും സര്‍ക്കാര്‍ അനുകൂല സേനയും തമ്മില്‍ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യനഗരമായ തഇസിലാണ് സംഭവം. 27 ഹൂതികളും 13 സര്‍ക്കാര്‍ അനുകൂല സൈനികരും കൊല്ലപ്പെട്ടതായി പുറത്താക്കപ്പെട്ട പ്രസിഡന്‍റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയുടെ സേനാ വക്താവായ സാദിഖ് അല്‍ ഹസ്സാനി അറിയിച്ചു. കാബുബില്‍ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലില്‍ അഞ്ചു ഹൂതികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനമായ സന്‍ആക്കും ദക്ഷിണ തുറമുഖനഗരമായ ഏദനും ഇടയിലെ നഗരമായ തഇസില്‍ രണ്ടു ലക്ഷത്തിലേറെ സിവിലിയന്‍മാര്‍ കുടുങ്ങിക്കിടക്കുകയാണ്.

യമനിലെ ആഭ്യന്തര യുദ്ധത്തിന്‍െറ പോര്‍മുഖമായിരിക്കുകയാണ് ഇപ്പോള്‍ ഈ നഗരം. ഇവിടെ വന്‍ മനുഷ്യ ദുരന്തം നടക്കാന്‍ സാധ്യതയുള്ളതായി മാസങ്ങള്‍ക്കു മുമ്പുതന്നെ സന്നദ്ധ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടുത്ത ഭക്ഷ്യ, കുടിവെള്ള ക്ഷാമത്തിലേക്കാണ് നഗരം നീങ്ങുന്നത്.  മരുന്നും മറ്റു സൗകര്യങ്ങളുമില്ലാതെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്.

മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിനെ പിന്തുണയ്ക്കുന്ന ഹൂതി വിമതര്‍ തലസ്ഥാനമായ സനാ അടക്കമുള്ള രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിച്ചതോടെ 2014 മുതല്‍ സംഘര്‍ഷം തുടര്‍ക്കഥയാവുകയാണ്. 2015 മാര്‍ച്ചില്‍ വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ അറബ്  സഖ്യസേന വ്യോമാക്രമണം നടത്തിയിരുന്നു. യുദ്ധത്തില്‍ ഇതുവരെയായി ഒരു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായും 28 ലക്ഷത്തോളം പേര്‍ ഭവനരഹിതരായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തുടനീളം 1.4 കോടി ജനങ്ങള്‍ ഭക്ഷണം അടക്കമുള്ള അടിയന്തര സഹായം തേടുന്നവരാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.