ഉത്തര കൊറിയയുടെ മൂന്ന് പതിറ്റാണ്ടിന്‍െറ ആണവയാത്ര

പ്യോങ്യാങ്: മൂന്നു പതിറ്റാണ്ടു മുമ്പാണ് ഉത്തര കൊറിയ ആണവ ഗവേഷണ രംഗത്തേക്ക് കടന്നുവരുന്നത്. സോവിയറ്റ് യൂനിയന്‍െറ സഹായത്തോടെ യോങ്ബ്യോനില്‍ തുടങ്ങിയ ആണവ റിയാക്ടര്‍ നിര്‍മാണം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഹൈഡ്രജന്‍ ബോംബിലും 10 കിലോ ടണ്‍ പ്രഹരശേഷിയുള്ള വന്‍ ആണവായുധത്തിലുമാണ്. 1986ലാണ് അഞ്ച് മെഗാ വാട്ട് ആണവോര്‍ജ പദ്ധതിക്ക് തുടക്കമായത്. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സോവിയറ്റ് യൂനിയന്‍ ഉ. കൊറിയയെ കൈയയച്ച് സഹായിക്കുകയായിരുന്നു. 1993ല്‍, ആണവ നിര്‍വ്യാപന കരാറില്‍നിന്ന് തങ്ങള്‍ പിന്‍വാങ്ങുന്നുവെന്ന് പ്രഖ്യാപിച്ച് അണുപരീക്ഷണങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ ശക്തമാക്കി. പതിറ്റാണ്ടുകളായി ദക്ഷിണ കൊറിയയുമായി സാങ്കേതികമായി യുദ്ധത്തിലുള്ള ഉ. കൊറിയയുടെ പ്രഖ്യാപനം ആ കാലത്ത് വലിയ രാഷ്ട്രീയ വിവാദമായി. അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന്, പിന്നീട്  തീരുമാനം പിന്‍വലിച്ചുവെങ്കിലും ആണവ പരീക്ഷണങ്ങള്‍ പ്യോങ്യാങ് കേന്ദ്രീകരിച്ച് തുടരുകയായിരുന്നു. അതിനിടെ, 1994ല്‍ രാജ്യം അമേരിക്കയുമായി നിര്‍ണായക കരാറിലത്തെി. പ്ളൂട്ടോണിയം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യോങ്ബ്യോന്‍ ആണവ നിലയം (ഇന്നലെ അണുപരീക്ഷണം നടന്നുവെന്ന് കരുതുന്ന നിലയം) അടച്ചുപൂട്ടുന്നതിനും പകരമായി വൈദ്യുതി ഉല്‍പാദനത്തിന് പുതിയ രണ്ട് റിയാക്ടര്‍ സ്ഥാപിക്കുന്നതിനുമായിരുന്നു പ്രസ്തുത കരാര്‍. ഉ. കൊറിയയെ ആണവ പരീക്ഷണത്തില്‍നിന്ന് വിലക്കുക എന്ന തന്ത്രമായിരുന്നു അമേരിക്ക കരാറിലൂടെ നടപ്പാക്കിയത്.
എന്നാല്‍, 2002ല്‍  കരാറില്‍നിന്ന് ഉ. കൊറിയ പിന്മാറി. അതോടെ യു.എസ് പ്രസിഡന്‍റ് ജോര്‍ജ് ബുഷ് ഇവര്‍ക്കെതിരെ പ്രത്യക്ഷ നിലപാട് സ്വീകരിച്ചു. ഇറാന്‍, ഇറാഖ്, ഉ. കൊറിയ എന്നീ രാജ്യങ്ങളെ അദ്ദേഹം തിന്മയുടെ അച്ചുതണ്ട് ശക്തികള്‍ എന്നാണ് വിശേഷിപ്പിച്ചത്. ആ വര്‍ഷം നവംബറില്‍ അമേരിക്ക ഉ. കൊറിയയില്‍ നിര്‍മിച്ച റിയാക്ടറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. തൊട്ടടുത്ത വര്‍ഷം ഉ. കൊറിയ ആണവ നിര്‍വ്യാപന കരാറില്‍നിന്ന് പിന്മാറി.
2005ലാണ് ഉ. കൊറിയ ആദ്യമായി തങ്ങളുടെ കൈവശം ആണവായുധമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. തൊട്ടടുത്ത വര്‍ഷം അണുപരീക്ഷണം വിജയകരമായി നടപ്പാക്കുകയും ചെയ്തു. 2011ല്‍ ഉ. കൊറിയയില്‍ ഭരണമാറ്റം നടന്നു. ഭരണാധികാരി കിം ജോങ് ഇല്‍ മരിച്ചതോടെയായിരുന്നു ഇത്. അദ്ദേഹത്തിന്‍െറ മകന്‍ കിം ജോങ് ഉന്‍ അധികാരമേറ്റെടുത്ത് ആണവപരീക്ഷണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയായിരുന്നു. ഇതിനിടെ, യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും ലോക രാഷ്ട്രങ്ങളും ഉ. കൊറിയക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
2012ല്‍, അവര്‍ തുടര്‍ച്ചയായി ബാലിസ്റ്റിക് പരീക്ഷണങ്ങള്‍ നടത്തിയത് അയല്‍ രാജ്യമായ ദ. കൊറിയയെ കൂടുതല്‍ അസ്വസ്ഥമാക്കി. മേഖലയില്‍ അമേരിക്കയുമൊന്നിച്ചുള്ള സംയുക്ത സൈനികാഭ്യാസം ദ. കൊറിയ ഓരോ വര്‍ഷവും കൂടുതല്‍ ഊര്‍ജിതമാക്കി. ഇത് പലപ്പോഴും യുദ്ധസമാന സാഹചര്യവും സൃഷ്ടിച്ചു. 2013ല്‍ ഉ. കൊറിയ സാമാന്യം വലിയ അണുപരീക്ഷണം നടത്തി. 6-7 കിലോ ടണ്‍ പ്രഹരശേഷിയുണ്ടായിരുന്നു അതിന്. തൊട്ടടുത്ത വര്‍ഷങ്ങളില്‍ അന്തര്‍വാഹിനികളില്‍നിന്ന് ബാലിസ്റ്റിക്കുകളും വിജയകരമായി പരീക്ഷിച്ചു.
2016 ജനുവരിയില്‍ തങ്ങള്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായി ഉ. കൊറിയ അവകാശപ്പെട്ടത് ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിന്‍െറ വിശ്വാസ്യതയും പലരും ചോദ്യം ചെയ്തുവെങ്കിലും ഉ. കൊറിയ ആണവായുധം വികസിപ്പിച്ചുവെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ലായിരുന്നു. 10 കിലോ ടണ്‍ പ്രഹരശേഷിയുള്ള ആണവായുധമാണ് ഉ. കൊറിയ വെള്ളിയാഴ്ച വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. അമേരിക്ക ഹിരോഷിമയില്‍ പ്രയോഗിച്ച ലിറ്റില്‍ ബോയിക്ക് 15 കിലോ ടണ്‍ ആയിരുന്നു ശേഷി. അഥവാ, ഉ. കൊറിയ ഏറെ മുന്നേറിയെന്നര്‍ഥം.
എന്നാല്‍, അതിലും വലിയ ആണവായുധങ്ങള്‍ അമേരിക്കയും റഷ്യയും ഇതിനകം പരീക്ഷിച്ചിട്ടുണ്ട്. റഷ്യയുടെ സാര്‍ ബോംബയും (50,000 കിലോ ടണ്‍) അമേരിക്കയുടെ കാസില്‍ ബ്രാവോയുമൊക്കെ (15,000 കിലോ ടണ്‍) ഇതിലും പതിന്മടങ്ങ് പ്രഹരശേഷിയുള്ളതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.