സര്‍ക്കാറിന് തീവ്രവാദ നയം; ഇസ്രായേല്‍ പ്രതിരോധമന്ത്രി രാജിവെച്ചു

ജറൂസലം: ഫലസ്തീന്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന കടുത്ത നിലപാടുകളില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍ പ്രതിരോധമന്ത്രി മോഷെ യാലോന്‍ രാജിവെച്ചു.
കടുത്ത ഫലസ്തീന്‍ വിരുദ്ധനായ ഒരു മന്ത്രിക്ക് പ്രതിരോധമന്ത്രി പദം വരെ വാഗ്ദാനം ചെയ്യാന്‍ നിലവിലെ പ്രധാനമന്ത്രി നെതന്യാഹു സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ തനിക്ക് ഈ മന്ത്രിസഭയില്‍ അശേഷവും വിശ്വാസമില്ളെന്ന് യാലോന്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.

സൈനികരുടെ പദവി, റോള്‍ എന്നിവയുമായി ബന്ധപ്പെട്ട് മന്ത്രിസഭാംഗങ്ങളുമായി ഭിന്നത ഉണ്ടായിരുന്നുവെങ്കിലും പ്രതിരോധമന്ത്രിയുടെ അപ്രതീക്ഷിത രാജി രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍ സൈനിക ജനറല്‍ കൂടിയായ യാലോന്‍ പാര്‍ലമെന്‍റംഗത്വവും രാജിവെച്ചിട്ടുണ്ട്.

വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തില്‍ തല്‍ക്കാലം സജീവ രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. തീവ്ര വലതുപക്ഷ സംഘടനയായ ഇസ്രായേല്‍ വേതന്യൂ പാര്‍ട്ടിയെ ഭരണസഖ്യത്തിലേക്ക് കൊണ്ടുവരാനും ആ പാര്‍ട്ടിയുടെ നേതാവിന് പ്രതിരോധമന്ത്രി പദവി നല്‍കാനും ചര്‍ച്ചകള്‍ നടക്കുന്നതായി രണ്ടു ദിവസം മുമ്പ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി വെളിപ്പെടുത്തിയിരുന്നു.

ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടിയിലേക്ക് തീവ്രവാദികളും അപകടകാരികളും നുഴഞ്ഞുകയറിയ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടരുന്നത് അര്‍ഥശൂന്യമാണെന്നും പാര്‍ട്ടിയെയും സര്‍ക്കാറിനെയും ഗ്രസിച്ച തീവ്രവാദം ഇസ്രായേല്‍ സമൂഹത്തിനുതന്നെ വിനാശം വിതക്കുമെന്നും യാലോന്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.