ധാക്ക: ബംഗ്ളാദേശ് കേന്ദ്രബാങ്കില്‍നിന്ന് ഓണ്‍ലൈന്‍വഴി തട്ടിയെടുത്ത തുകയുടെ വലിയൊരുഭാഗം മറ്റു ബാങ്കുകളില്‍ നിക്ഷേപിച്ചതായി ബാങ്ക് മാനേജറുടെ മൊഴി. ലോകത്തെ ഞെട്ടിച്ച മോഷണം നടന്നത് ഫെബ്രുവരിയിലാണെങ്കിലും വിവരം പുറത്തുവന്നത് ഒരു മാസത്തിന് ശേഷമാണ്. യു.എസ് ഫെഡറല്‍ റിസര്‍വിന്‍െറ പക്കലുള്ള ബംഗ്ളാദേശിന്‍െറ ഒരു ബില്യണ്‍ ഡോളറിന്‍െറ നിക്ഷേപം മോഷ്ടിക്കാനാണ് ശ്രമം നടത്തിയതെങ്കിലും 81 മില്യണ്‍ ആണ് നഷ്ടമായത്. തട്ടിയെടുത്ത തുക ബംഗ്ളാദേശിലെ റിസാല്‍ കമേഴ്സ്യല്‍ ബാങ്കില്‍ തട്ടിപ്പുകാര്‍ നിക്ഷേപിച്ചു. വിവരം അറിഞ്ഞയുടന്‍ തുക തിരിച്ചുനല്‍കാന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് റിസാല്‍ ബാങ്കിനോട് ആവശ്യപ്പെട്ടു. എന്നാല്‍, അപേക്ഷ എത്തുന്നതിനുമുമ്പ്, നിക്ഷേപമായി എത്തിയ പണം പരിഭ്രാന്തിയിലായ ബാങ്ക് മാനേജര്‍ പ്രശ്നങ്ങളൊഴിവാക്കാന്‍ മറ്റു ബാങ്കുകളില്‍ നിക്ഷേപിച്ചുകഴിഞ്ഞിരുന്നു. ചൈനീസ് വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ബാങ്കിലേക്ക് 66 മില്യണും ബാക്കി മറ്റൊരു അക്കൗണ്ടിലേക്കും നിക്ഷേപിച്ചു. ഈ അക്കൗണ്ടിന്‍െറ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
പണം ബാങ്കിലത്തെിയപ്പോള്‍ മാനേജര്‍ പരിഭ്രാന്തിയിലായെന്നും എങ്ങനെയും പ്രശ്നത്തില്‍ നിന്നൊഴിവാകാനായിരുന്നു ശ്രമം നടത്തിയതെന്നും ബാങ്കിലെ കീഴുദ്യോഗസ്ഥനും ബംഗ്ളാദേശ് സെനറ്റ് നിയമിച്ച കമീഷന് മുന്നില്‍ മൊഴി നല്‍കി. ഫിലിപ്പീന്‍സിലെ ചൂതാട്ടക്കാരാണ് തട്ടിപ്പിന് പിന്നിലെന്ന് സംശയിക്കുന്നു.
പണം വിദേശ നാണയ വിനിമയ എക്സ്ചേഞ്ചായ ഫില്‍റേമിലേക്കാണ് പോയതെന്ന് റിസാല്‍ ബാങ്കിന്‍െറ നിയമകാര്യ തലവന്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു. എന്നാല്‍, തുക ചൈനീസ് വംശജനായ ചൂതാട്ടനടത്തിപ്പുകാരന്‍െറ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി ഫില്‍റേം പ്രസിഡന്‍റ് സലൂദ് ബവ്തിസ്റ്റ മൊഴി നല്‍കി. ബാക്കി തുക ഫിലിപ്പീന്‍സിലെ ചൂതാട്ടകേന്ദ്രങ്ങളിലേക്കാണ് പോയതെന്ന് ധനാപഹരണ വിരുദ്ധ കൗണ്‍സില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.