മ്യാന്മറില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തുടങ്ങി

യാംഗോന്‍: മ്യാന്മര്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) രണ്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
 വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക്  അധോസഭ പ്രതിനിധി ഹ്തിന്‍ ക്യാവിനെയും ഉപരിസഭ പ്രതിനിധിയായി ചൈനീസ് വംശജനായ ന്യൂനപക്ഷ എം.പി ഹെന്‍ട്രി വാന്‍ തിയോയെയും നിര്‍ദേശിച്ചു. ഇതോടെ ജനാധിപത്യ നേതാവ് ഓങ്സാന്‍ സൂചിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമായി. വിദേശ പൗരത്വമുള്ള മക്കളുള്ളതിനാല്‍ നിലവിലുള്ള നിയമപ്രകാരം സൂചിക്ക് പ്രസിഡന്‍റാകാന്‍ കഴിയില്ളെന്നിരിക്കെ, ഭരണഘടനാ ഭേദഗതിയിലൂടെ സാഹചര്യം അനുകൂലമാക്കി മാറ്റാന്‍ എന്‍.എല്‍.ഡി സമ്മര്‍ദം ചെലുത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സൂചിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പട്ടാളഭരണകൂടം ഇത്തരമൊരു നിയമം കൊണ്ടുവന്നത്. സൂചിക്ക് അയോഗ്യത വന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കി.  സൂചി മത്സരിക്കുമെന്നും പ്രസിഡന്‍റാകുമെന്നും വലിയൊരു വിഭാഗം ജനങ്ങളും ആഗ്രഹിച്ചിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
 എന്നാല്‍, അണിയറക്കുള്ളില്‍നിന്ന് ഭരണചക്രം തിരിക്കാന്‍ സൂചിക്ക് തടസ്സമുണ്ടാവില്ല. കാരണം, സൂചിയുടെ അടുത്ത അനുയായിയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഏറെ സാധ്യത കല്‍പിക്കുന്ന കോ ഹ്തിന്‍ ക്യാവ്. സൈന്യം നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. 69കാരനായ ഹ്തിനുതന്നെയാണ് മ്യാന്മര്‍ ദേശീയ മാധ്യമങ്ങള്‍ സാധ്യത കല്‍പിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം എഴുത്തുകാരനുംകൂടിയാണ്.
പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതില്‍ ഇരുസഭകളിലെയും വിജയികള്‍ക്ക് സെക്കന്‍ഡ് വോട്ട് ചെയ്യാന്‍ കഴിയും.  അധോ-ഉപരി സഭകളില്‍ എന്‍.എല്‍.ഡിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ തെരഞ്ഞെടുപ്പ് താരതമ്യേന എളുപ്പമാവുമെന്നാണ് കരുതുന്നത്. വിജയിക്കുന്നവരില്‍ ഒരാളായിരിക്കും പ്രസിഡന്‍റാവുക.  പരാജയപ്പെടുന്ന മറ്റു രണ്ടു പേര്‍ വൈസ് പ്രസിഡന്‍റുമാരുമാകും. അതേസമയം, വോട്ടെടുപ്പ് തുടങ്ങുന്നതെപ്പോഴാണ് എന്നതില്‍ അനിശ്ചിതത്വമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.