ഖവാലി ഇതിഹാസം അംജദ് സബ്രിക്ക് കറാച്ചിയില്‍ അന്ത്യവിശ്രമം

കറാച്ചി:  ഖവാലി ഗായകരില്‍ ലോകപ്രശസ്തനും സൂഫി സംഗീതശാഖയില്‍ ഇതിഹാസതുല്യനുമായ അംജദ് സബ്രിക്ക് അദ്ദേഹത്തിന്‍െറ ചോരവീണ കറാച്ചിയുടെ മണ്ണില്‍  അന്ത്യവിശ്രമം. കനത്ത സുരക്ഷാവലയത്തില്‍ നടന്ന ഖബറടക്ക ചടങ്ങുകളില്‍ ആയിരങ്ങള്‍ സംബന്ധിച്ചതായി വിവിധ വാര്‍ത്താ ഏജന്‍സികളും പാകിസ്താനിലെ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഫുര്‍ഖാനിയ മസ്ജിദില്‍ മയ്യിത്ത് നമസ്കാരത്തിന് സൂഫീവര്യനായ  ബാബ ഫരീദ് നേതൃത്വം നല്‍കി. പപ്പോശ്നഗറില്‍ പിതാവിന്‍െറ ഖബറിനു സമീപമാണ് അംജദ് സബ്രിയെ ഖബറടക്കിയത്.  ലിയാഖത്താബാദ് മേഖലയില്‍ കാറില്‍ സഞ്ചരിക്കവെ അംജദിനും കൂടെയുണ്ടായിരുന്നവര്‍ക്കുംനേരെ ബൈക്കിലത്തെിയ തോക്കുധാരികളാണ് കഴിഞ്ഞ ദിവസം വെടിയുതിര്‍ത്തത്. സമീപത്തെ  ആശുപത്രിയിലത്തെിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല.  അതേസമയം, പാകിസ്താന്‍ താലിബാന്‍െറ ഒരു  ഗ്രൂപ് കൊലപാതകത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നടക്കം അനുശോചനപ്രവാഹം തുടരുകയാണ്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള സൂഫി ഭക്തിഗാനങ്ങളാണ് ഖവാലി എന്നറിയപ്പെടുന്നത്. പ്രശസ്ത ഖവാലി ഗായകന്‍ ഗലോം ഫരീദ് സബ്രിയുടെ മകനാണ് 45കാരനായ അംജദ്. ജനകീയ ഗായകന്‍ എന്ന നിലയില്‍ അംജദിന്‍െറ വേദികള്‍ ആയിരങ്ങളെ ആകര്‍ഷിച്ചിരുന്നു. വിദേശ രാജ്യങ്ങളിലടക്കം നിരവധി വേദികളില്‍ പാടിയ അംജദ് സബ്രി വെടിയേറ്റുമരിച്ച  വാര്‍ത്ത ഞെട്ടലോടെയാണ് സംഗീതലോകം ശ്രവിച്ചത്. സ്വകാര്യ ടി.വി ചാനലില്‍ റമദാന്‍ പ്രമാണിച്ചുള്ള പരിപാടി അവതരിപ്പിക്കാന്‍ പോകുമ്പോഴായിരുന്നു  ദാരുണ അന്ത്യം. കാര്‍ ഓടിച്ചിരുന്നത്  അംജദ് സബ്രിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുറ്റവാളികളെ കണ്ടത്തൊന്‍ ഊര്‍ജിത അന്വേഷണം നടന്നുവരുകയാണ്. അംജദ് സബ്രിക്ക് ഭാര്യയും അഞ്ചു മക്കളുമുണ്ട്. 17ാം നൂറ്റാണ്ട് മുതല്‍ തങ്ങളുടെ കുടുംബപാരമ്പര്യത്തിന്‍െറ ഭാഗമാണ് ഖവാലി സംഗീതമെന്ന് അംജദ് സബ്രിയുടെ അടുത്ത ബന്ധുക്കള്‍ പറഞ്ഞു. പൂര്‍വികര്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ സംഗീതസദസ്സുകളെ സമ്പന്നമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.