മുസ്ലിംകളെ റോഹിങ്ക്യകള്‍ എന്ന് വിശേഷിപ്പിക്കരുതെന്ന് മ്യാന്മര്‍

യാംഗോന്‍: മ്യാന്മറിലെ അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷവിഭാഗമായ മുസ്ലിംകളെ റോഹിങ്ക്യകള്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തി മ്യാന്മര്‍ ഭരണകൂടം. പകരം ഇവരെ ‘ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍’ എന്ന് വിളിക്കാനാണ് മ്യാന്മര്‍ വാര്‍ത്താ വിനിമയ മന്ത്രാലയം നല്‍കിയ അറിയിപ്പ്. യു.എന്നിന്‍െറ പ്രത്യേക പ്രതിനിധി യാങ്ങീ ലീ മ്യാന്മര്‍ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായാണ് ഈ നീക്കം. ലീയുടെ സന്ദര്‍ശന വേളയില്‍ ‘റോഹിങ്ക്യകള്‍’ എന്നോ ‘ബംഗാളികള്‍’ എന്നോ ഉപയോഗിക്കരുതെന്നും പകരം ‘ഇസ്ലാമിക വിശ്വാസികള്‍’ എന്ന് പറയണമെന്നും മന്ത്രാലയം പുറത്തിറക്കിയ കത്തില്‍ നിര്‍ദേശിക്കുന്നു. രഹസ്യ സ്വഭാവത്തിലുള്ളതെന്ന ലേബലോടുകൂടിയുള്ളതാണ്  ജൂണ്‍ 16ന് പുറത്തിറക്കിയ കത്ത്.

റോഹിങ്ക്യകള്‍ അധിവസിക്കുന്ന രാഖിനില്‍ ഈ വാരം അവസാനത്തോടെ ലീ സന്ദര്‍ശനം നടത്തുമെന്ന് കരുതുന്നു. പടിഞ്ഞാറന്‍ രാഖിന്‍ സംസ്ഥാനത്തെ സംഘര്‍ഷബാധിത മേഖലകളില്‍ താമസിക്കുന്ന മുസ്ലിംകളെ ന്യൂനപക്ഷങ്ങള്‍ എന്ന് സൂചിപ്പിക്കുന്ന ‘റോഹിങ്ക്യകള്‍’ എന്ന് അഭിസംബോധന ചെയ്യുന്നതില്‍ രാജ്യത്തെ ഭൂരിപക്ഷമായ ബുദ്ധിസ്റ്റുകള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. തലമുറകള്‍ക്കു മുമ്പ് അയല്‍രാജ്യമായ ബംഗാളില്‍നിന്ന് കുടിയേറിപ്പാര്‍ത്തവരായതിനാല്‍ തീവ്ര ബുദ്ധിസ്റ്റുകള്‍  ഇവരെ ബംഗാളികള്‍ എന്നും വിളിക്കാറുണ്ട്.

ഓങ്സാന്‍ സൂചി നേതൃത്വം നല്‍കുന്ന മ്യാന്മറിലെ ജനാധിപത്യ ഭരണകൂടം റോഹിങ്ക്യകള്‍ക്ക് പൗരത്വം നിഷേധിച്ചിരിക്കുകയാണ്. 2012 ല്‍ നടന്ന വംശീയ ആക്രമണത്തില്‍ നിരവധി റോഹിങ്ക്യകള്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേര്‍ ഭവനരഹിതരായി. റോഹിങ്ക്യകള്‍ക്കുനേരെ നടന്നുവരുന്ന മരണ ശിക്ഷ, ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവല്‍, ഏകപക്ഷീയമായ അറസ്റ്റും തടവിലിടലും, കഠിന ജോലി ചെയ്യിക്കല്‍ തുടങ്ങിയ അതിക്രമങ്ങള്‍ മാനവികതക്കെതിരായ കുറ്റകൃത്യമാണെന്ന് യു.എന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാഖിന്‍ സംസ്ഥാനത്തെ വംശീയാതിക്രമങ്ങളെ അഭിമുഖീകരിക്കാന്‍ സൂചി തയാറാവുമെന്ന പ്രതീക്ഷയോടെ ആയിരുന്നു യു.എന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍, ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്ന് നിരാശജനകമായ സമീപനമാണ് ഉണ്ടായത്. രാഖിനിലെ ക്യാമ്പുകളില്‍ തിങ്ങിപ്പാര്‍ക്കുന്ന ആയിരക്കണക്കിന് രോഹിങ്ക്യകള്‍ക്ക് യാത്രചെയ്യുന്നതിനും വിദ്യാഭ്യാസത്തിനും അത്യാവശ്യമായ ചികിത്സ തേടുന്നതിനുപോലും രാജ്യത്ത് വിലക്കുകള്‍ നിലനില്‍ക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.