ദമാസ്കസിലെ ശിയാ ആരാധനാലയത്തിന് സമീപം സ്ഫോടനം; 60 മരണം

ഡമസ്കസ്: തെക്കന്‍ ഡമസ്കസിലെ പ്രമുഖ ശിയാ ആരാധനാലയമായ സയ്യിദ സൈനബിനടുത്തുണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ 60പേര്‍ കൊല്ലപ്പെട്ടു. 110 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. മുമ്പ് പല തവണ ഈ ആരാധനാലയത്തിനു നേരെ ആക്രമണം നടന്നിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലെ ആക്രമണത്തില്‍ നാലുപേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. രാജ്യത്തെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എന്‍ മധ്യസ്ഥതയില്‍ ജനീവയില്‍  സമാധാനചര്‍ച്ചയില്‍  പ്രതിനിധികള്‍ സമ്മേളിച്ചതിന്‍െറ പിന്നാലെയാണ് സ്ഫോടനം. ആക്രമണത്തെ യു.എന്‍ അപലപിച്ചു. ആദ്യത്തേത് കാര്‍ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്നോട്ടുവെച്ച ഉപാധികള്‍ സര്‍ക്കാര്‍ അംഗീകരിച്ചെങ്കില്‍ മാത്രമേ ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളൂവെന്ന് ജനീവയിലത്തെിയ പ്രതിപക്ഷാംഗങ്ങള്‍ അറിയിച്ചിരുന്നു. വിമതര്‍ക്ക് ആധിപത്യമുള്ള മേഖലകളില്‍ ഉപരോധം അവസാനിപ്പിക്കുക,  റോക്കറ്റ് ആക്രമണം നിര്‍ത്തിവെക്കുക, തടവുകാരെ മോചിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. ഉപരോധത്തിന്‍െറ അനന്തരഫലം അനുഭവിക്കുന്നത് സിറിയന്‍ ജനതയാണ്.  രാജ്യത്ത് സമാധാനം പുലരുന്നതിനെക്കുറിച്ച് ബശ്ശാര്‍ സര്‍ക്കാര്‍  ചിന്തിക്കുന്നില്ളെന്നും അവര്‍ കുറ്റപ്പെടുത്തി. അതെസമയം പ്രതിപക്ഷം ഗൗരവമായല്ല ചര്‍ച്ചയെ സമീപിക്കുന്നതെന്ന് സര്‍ക്കാര്‍ പ്രതിനിധി ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.