ജലാലാബാദ്∙ അഫ്ഗാനിസ്താനിലെ ഇന്ത്യൻ കോൺസുലേറ്റിന് സമീപത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ രണ്ട് മരണം. ഇന്ത്യയുടേതും പാക്കിസ്താന്‍റെതും അടക്കം നിരവധി കോൺസുലേറ്റുകൾ സ്ഥിതി ചെയ്യുന്ന മേഖലയാണിത്. അഫ്ഗാൻ പൊലീസും ആക്രമണകാരികളും തമ്മിലുള്ള വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.
പാകിസ്താനിലേക്കുള്ള വിസ അപേക്ഷകരുടെ ക്യൂവിൽ സ്ഥാനം പിടിച്ച ചാവേർ കെട്ടിടത്തിലേക്ക് കടക്കാനുള്ള അനുവാദം നിഷേധിച്ചതോടെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നിരവധി സ്ഫോടനങ്ങളുടെ ശബ്ദം കേട്ടിരുന്നുവെന്നും സമീപത്തുള്ള സ്കൂളിൽ നിന്നും താമസസ്ഥലത്ത് നിന്നും വിദ്യാർഥികളെയും താമസക്കാരെയും ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ദൃക്സാക്ഷി പറഞ്ഞു.
ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് 200 മീറ്റർ അകലെയാണ് ആക്രമണം ഉണ്ടായത്. എന്നാൽ ലക്ഷ്യ സ്ഥാനം ഇന്ത്യൻ കോൺസുലേറ്റ് ആയിരുന്നില്ലെന്നും ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് അഫ്ഗാനിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം ഉണ്ടാകുന്നത്.
അതേസമയം, ഇന്ത്യൻ കോൺസുലേറ്റിനു നേരെ ജനുവരി മൂന്നിനുണ്ടായ ആക്രമണത്തിനു പിന്നിൽ പാക്കിസ്താൻ സൈനിക ഉദ്യോഗസ്ഥരാണെന്ന് അഫ്ഗാനിസ്ഥാൻ ആരോപിച്ചിരുന്നു. ആക്രമണത്തിനു പിന്നിൽ 99 ശതമാനവും പാക്കിസ്താൻ സൈന്യമാണെന്നും പ്രത്യേക തന്ത്രങ്ങളാണ് ഭീകരർ പ്രയോഗിച്ചതെന്നും അഫ്ഗാനിസ്ഥാനിലെ ബാൽഹ് പ്രവിശ്യയിലെ സൈനിക മേധാവി സഈദ് കമൽ സദത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.