‘മരിച്ച’ കുഞ്ഞ് പുനര്‍ജനിച്ചു; സംസ്കാരത്തിനു തൊട്ടുമുമ്പ്

ബെയ്ജിങ്: മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചുകുഞ്ഞ് സംസ്കാരത്തിനു തൊട്ടുമുമ്പ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലാണ് സംഭവം. ഒരു രാത്രി മുഴുവന്‍ 12 ഡിഗ്രി സെല്‍ഷ്യസ് തണുപ്പുള്ള മോര്‍ച്ചറിയില്‍ കിടന്ന രണ്ടുമാസം പ്രായമുള്ള ആണ്‍കുട്ടി സംസ്കാരത്തിനൊരുങ്ങും മുമ്പ് കരയുകയായിരുന്നു. ഉടന്‍ ശ്മശാനം ജീവനക്കാര്‍ കുഞ്ഞിന്‍െറ രക്ഷിതാക്കളെ വിവരമറിയിക്കുകയും ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടുമാസം മുമ്പാണ് പനാനിലെ ആശുപത്രിയില്‍ കുഞ്ഞ് പ്രായം തികയാതെ ജനിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ മൂലം 23 ദിവസം ഇന്‍ക്യൂബേറ്ററില്‍ കിടന്ന കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നു. ആരോഗ്യസ്ഥിതി വീണ്ടും വഷളായതോടെ ആശുപത്രിയിലേക്ക് മടങ്ങി. ഹൃദയമിടിപ്പ് നിലച്ചതോടെ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. തണുപ്പേറിയ മോര്‍ച്ചറിയില്‍ കുഞ്ഞിന്‍െറ ‘മൃതദേഹം’  കിടത്തുന്നതിനുമുമ്പ് അച്ഛന്‍ രണ്ട് കട്ടിയുള്ള പുതപ്പില്‍ പൊതിഞ്ഞിരുന്നു. ജീവന്‍െറ തുടിപ്പുള്ള ദേഹത്തെ തണുപ്പില്‍നിന്ന് രക്ഷിച്ചത് ഇതായിരിക്കാം എന്ന വിശ്വാസത്തിലാണ് ഡോക്ടര്‍മാര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.