തായ്പേയ്: ദക്ഷിണ തായ്വാനിലെ തയ്നാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 10 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞുള്‍പ്പെടെ 11 പേര്‍ മരിച്ചു.
155ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 17 നില കെട്ടിടമുള്‍പ്പെടെ 100 ഓളം വീടുകള്‍ തകര്‍ന്നു. 30 പേരെ കാണാതായി. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍നിന്ന് 220 പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലസ്ഥാനമായ തായ്പേയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്. തെക്ക് കിഴക്ക് തായ്നാനില്‍നിന്ന് 43 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രം. പ്രകമ്പനം 40 സെക്കന്‍ഡ് നീണ്ടുനിന്നു.
നിരവധി തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേപ്പാളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
തകര്‍ന്ന 17 നിലയുള്ള അപാര്‍ട്മെന്‍റില്‍ 256 ലേറെ പേരാണ് താമസിച്ചിരുന്നത്. ചൈനീസ് പുതുവത്സരാഘോഷത്തിന് തയാറെടുക്കുന്നതിനിടെയാണ് ഭൂചലനം. പ്രസിഡന്‍റ് മായിന്‍ ജോ അപകടസ്ഥലം സന്ദര്‍ശിച്ചു. ഭൂചലനത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കൂടുതല്‍ പേര്‍ അപാര്‍ട്മെന്‍റിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി ആഭ്യന്തരമന്ത്രി ചെന്‍ വീ ജെന്‍ പറഞ്ഞു.
കെട്ടിടത്തിന്‍െറ നിര്‍മാണത്തില്‍ പാളിച്ചയുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
1999 സെപ്റ്റംബറില്‍ മധ്യ തായ്വാനില്‍ 7.6 തീവ്രതയിലുണ്ടായ ഭൂചലനത്തില്‍ 2400 പേര്‍ മരിച്ചിരുന്നു.
2013 ജൂണില്‍ ഭൂചലനത്തെ (6.3 തീവ്രത) തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.