അഭയാര്‍ഥികള്‍ക്കുനേരെ കണ്ണില്‍ ചോരയില്ലാത്ത നിയമവുമായി ആസ്ത്രേലിയ

മെല്‍ബണ്‍: രാജ്യത്ത് അഭയം തേടി വരുന്നവരെ പസഫിക് ദ്വീപിലെ ജയിലില്‍ അടയ്ക്കുന്ന നടപടിക്ക് ആസ്ത്രേലിയന്‍ ഹൈകോടതിയുടെ പച്ചക്കൊടി. ഇതോടെ ആസ്ത്രേലിയന്‍ തീരത്തിറങ്ങിയ 267 അഭയാര്‍ഥികളെ പസഫിക് സമുദ്രത്തിലെ നൗറു ദ്വീപിലുള്ള ജയിലില്‍ കൊണ്ടിടും. ഇതില്‍ 39 പേര്‍ കുട്ടികളാണ്. അവരില്‍ 33പേര്‍ ആസ്ത്രേലിയയില്‍ തന്നെ പിറന്ന നവജാത ശിശുക്കള്‍ ആണ്.

നാടുകടത്തി തടവിലിടുന്നതിനെതിരെ അഭയാര്‍ത്ഥി സംഘത്തിലെ ബംഗ്ളാദേശ് സ്ത്രീയുടെ അഭിഭാഷകന്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് കോടതി ഈ നടപടിയെ പിന്തുണച്ചത്. ഇത് ആസ്ത്രേലിയയുടെ സാമ്പത്തിക സഹായത്തോടെയും അധികാരത്തോടെയും നിയന്ത്രണത്തോടെയും നടത്തപ്പെടുന്നതും അതേസമയം, സര്‍ക്കാറിന് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ ഭരണഘടനാപരമായ സാധുത ഇല്ളെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍, തീരുമാനത്തെ സുപ്രധാനമെന്നാണ് പ്രധാനമന്ത്രി മാല്‍കോം ടണ്‍ബുള്‍ വിശേഷിപ്പിച്ചത്. ആസ്ത്രേലിയയുടെ അതിരുകള്‍ സുരക്ഷിതമാക്കേണ്ടതും കടല്‍ വഴിയുള്ള കുടിയേറ്റം തടയേണ്ടതുമാണ്. ക്രിമിനലുകളുടെ വ്യാപാരം തടയാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മാല്‍കോം പറഞ്ഞു. അതേസമയം, ആസ്ത്രേലിയയുടെ നടപടിക്കെതിരെ യുനൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ടും (യുനിസെഫ്) ആംനസ്റ്റിയും രംഗത്തുവന്നു.

അന്തര്‍ദേശീയ മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണിതെന്നും ഇതില്‍ രാജ്യം അവരുടെ ധാര്‍മിക ബാധ്യതയും ഉത്തരവാദിത്തവും കാണിക്കണമെന്നും യുനിസെഫ് അറിയിച്ചു. സങ്കീര്‍ണമായ സാഹചര്യങ്ങളിലുടെ കടന്നുപോവുന്ന ഒരു പറ്റം കുടുംബങ്ങളോടും കുട്ടികളോടും മേഖലയിലെ വികസിത രാഷ്ട്രമെന്ന നിലയില്‍ ആസ്ത്രേലിയ കാണിക്കുന്നത് നിരുത്തരവാദപരമായ സമീപനമാണെന്നും പ്രസ്താവനയില്‍ അപലപിച്ചു. ആംനസ്റ്റി ഇന്‍റര്‍നാഷണലും സംഭവത്തെ അപലപിച്ചിട്ടുണ്ട്. പ്രതികൂലമായ കാലവസ്ഥയില്‍ നൗറുയിലെ അഭയാര്‍ഥികള്‍ കൂടുതല്‍ ദുരിതത്തിലേക്ക് വീഴുമെന്നും ആംനസ്റ്റി മുന്നയിപ്പ് നല്‍കി. കോടതി വിധി മറി കടന്ന് അഭയാര്‍ഥികളെ പുന:രധിവസിപ്പിക്കാന്‍ ആസ്ത്രേലിയന്‍ ഭരണകൂടം തയ്യയാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാറിന്‍റെ ഈ നടപടിക്കെതിരെ ആസ്ത്രേലിയിലെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധങ്ങള്‍ വന്നു തുടങ്ങി. അഭയാര്‍ഥികളെ രാജ്യത്ത് തന്നെ തന്നെ താമസിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഇതിനായി ട്വിറ്ററില്‍ #LetThemSaty എന്ന കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.