ബംഗ്ലാദേശിലെ ജമാഅത്ത് നേതാവിന്‍റെ വധശിക്ഷ ശരിവെച്ചു

ധാക്ക: ബംഗ്ലാദേശിലെ മുതിർന്ന ജമാഅത്ത് ഇസ് ലാമി നേതാവ് മിർ കാസിം അലിയെ തൂക്കിലേറ്റാനുള്ള കീഴ്കോടതി വിധിക്ക് സുപ്രീംകോടതിയുടെ അംഗീകാരം. വധശിക്ഷ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി മിർ കാസിം നൽകിയ ഹരജി സുപ്രീംകോടതി തള്ളി.

സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതോടെ ഏതു നിമിഷത്തിലും മിർ കാസിമിന്‍റെ ശിക്ഷ നടപ്പാക്കും. അതേസമയം, ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്‍റിന് ദയാഹരജി നൽകാനാകുമെന്ന് അറ്റോർണി ജനറൽ മെഹ്ബൂബ ആലം മാധ്യമങ്ങളോട് പറഞ്ഞു.

1971ലെ ബംഗ്ലാദേശ് വിമോചന സമരവുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങളിലാണ് ജമാഅത്ത് ഇസ് ലാമി നേതാക്കൾ അടക്കമുള്ളവർക്കെതിരെ യുദ്ധക്കുറ്റ കേസുകൾ പരിഗണിക്കുന്ന ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചത്. 2013ന് ശേഷം നാല് മുതിർന്ന ജമാഅത്ത് ഇസ് ലാമി നേതാക്കൾ അടക്കം അഞ്ച് പ്രതിപക്ഷ നേതാക്കളെ സുപ്രീംകോടതി ശിക്ഷ ശരിവെച്ചതോടെ തൂക്കിലേറ്റിയിരുന്നു.

മാധ്യമ സ്ഥാപനത്തിന്‍റെ ഉടമയും ബംഗ്ലാദേശ് ജമാഅത്ത് ഇസ് ലാമിക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രമുഖരിൽ ഒരാളുമായിരുന്നു 63കാരനായ മിർ കാസിം അലി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.